യാത്രക്കാർക്ക് യാത്രാ സമയത്ത് കൈവശം വയ്ക്കാവുന്ന പണത്തില്‍ വ്യക്തത വരുത്തി ഖത്തര്‍ കസ്റ്റംസ് അതോറിറ്റി. 50,000 റിയാലില്‍ കൂടുതല്‍ പണമോ സമാനമൂല്യമുള്ള വസ്തുക്കളോ ഉണ്ടെങ്കില്‍ ഡിക്ലറേഷന്‍ നല്‍കണമെന്ന് കസ്റ്റംസ് അധികൃതർ വ്യക്തമാക്കി. 50,000 റിയാലോ അതിൽ കൂടുതലോ മൂല്യമുള്ള പണമോ വിലപിടിപ്പുള്ള രേഖകളോ, സ്വർണമോ, മൂല്യമേറിയ രത്നങ്ങളോ കൈവശം വയ്ക്കുന്നവർ കസ്റ്റംസ് ഡിക്ലറേഷൻ ഫോം പൂരിപ്പിക്കണം. വിമാനത്താവളത്തിലോ കര അതിർത്തിയിലോ സമുദ്ര തുറമുഖങ്ങളിലോ നേരിട്ടോ അല്ലെങ്കിൽ അതോറിറ്റിയുടെ വെബ്സൈറ്റ് വഴിയോ കസ്റ്റംസ് ഡിക്ലറേഷൻ ഫോം പൂരിപ്പികേണ്ടതാണ്. ഇതേ മൂല്യമുള്ള ഇതര കറന്‍സികള്‍ ആണെങ്കിലും ഡിക്ലറേഷന്‍ ഇല്ലാതെ ഇവ കൈവശം വയ്ക്കാന്‍ പാടില്ല. ഡോക്യുമെന്റ് രൂപത്തിലുള്ള സാമ്പത്തിക ഇടപാടുകൾ, ചെക്കുകൾ, പ്രോമിസറി നോട്ടുകൾ, പണമിടപാട് ഓർഡറുകൾ തുടങ്ങിയവയും ഇതിലുൾപ്പെടും. ലോഹങ്ങളുടെ വിഭാഗത്തിൽ സ്വർണം, വെള്ളി, പ്ലാറ്റിനം പോലുള്ളവയും വജ്രം, മരതകം, മാണിക്യം, മുത്തുകൾ എന്നീ കല്ലുകള്‍ക്കും ഈ നിയമം ബാധകമാണ്. കസ്റ്റംസ് ഡിക്ലറേഷൻ ഫോം പൂരിപ്പിക്കാതിരിക്കുകയോ തെറ്റായ വിവരങ്ങൾ നൽകുകയോ ചെയ്താൽ 3 വർഷം വരെ തടവും 5 ലക്ഷം റിയാൽ വരെ പിഴയും ഈടാക്കും. പിടികൂടിയ മൂല്യമേറിയ വസ്തുവിന് പുറമേ പിടിച്ചെടുത്തതിന്റെ ഇരട്ടി മൂല്യമുള്ള തുകയും പിഴ ഈടാക്കിയേക്കും.