ഒമാനിൽ പ്രവർത്തിക്കുന്ന ഒരു കമ്പനിയിൽ അമോണിയം വാതക ചോർച്ചയെന്ന് റിപ്പോർട്ട്. സംഭവത്തിൽ വിഷ വാതകം ശ്വസിച്ച് അവശ നിലയിലായ അഞ്ച് പേരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി സിവിൽ ഡിഫൻസ് വ്യക്തമാക്കി. ഇവരുടെ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. ചൊവ്വാഴ്ച രാത്രിയോടെയായിരുന്നു മസ്കറ്റിലെ ബൗഷർ വിലായത്തിലുള്ള ഗുബ്ര ഏരിയയിൽ സംഭവം നടന്നത്. സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി ഉദ്യോഗസ്ഥർ എത്തിയാണ് വാതക ചോർച്ച നിയന്ത്രണ വിധേയമാക്കിയത്. സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയിലെ അപകടകരമായ വസ്തുക്കൾ കൈകാര്യം ചെയ്യുന്ന സംഘമാണ് വാതക ചോർച്ച കൈകാര്യം ചെയ്തത്. പരിസരത്തുണ്ടായിരുന്നവരെ സുരക്ഷിതമായി ഒഴിപ്പിക്കുകയും ചെയ്തു.