ദുരന്തമേഖലകളിൽ രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ സഹായിക്കുന്ന നൂതനവാഹനങ്ങളും ഉപകരണങ്ങളും പ്രദർശിപ്പിച്ച് ദുബായ് പോലീസ്. അബുദാബിയിൽ നടന്ന വേൾഡ് ക്രൈസിസ് ആൻഡ് എമർജൻസി മാനേജ്മെന്റ് ഉച്ചകോടിയിലാണ് റെസ്ക്യൂ റഡാർ മുതൽ ലൈഫ് ഡിറ്റക്ടർ വരെയുള്ള നൂതനസാങ്കേതികവിദ്യകൾ പ്രദർശിപ്പിച്ചത്. തകർന്നകെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽനിന്ന് ജീവന്റെ തുടിപ്പുകൾ കണ്ടെത്താൻ സഹായിക്കുന്ന റെസ്ക്യൂ റഡാർ, 360 ഡിഗ്രി സെർച്ച് ക്യാമറ, ലൈഫ് ഡിറ്റക്ടർ, അഗ്നിശമന, രക്ഷാ ഉപകരണങ്ങൾ ഘടിപ്പിച്ച റെസ്ക്യൂ വാഹനമായ കാൻ-ആം എടിവി, റെസ്ക്യൂ ഡ്രോൺ ഉൾപ്പടെയുള്ളവയാണ് പോലീസിന്റെ പവിലിയനിലുള്ളത്. ദുരന്തമേഖലകളിൽ ഇവയെല്ലാം എളുപ്പത്തിൽ വിന്യസിക്കാൻ കഴിയുമെന്നതാണ് സവിശേഷത. മണ്ണിടിച്ചിൽ , ഭൂകമ്പം തുടങ്ങിയ പ്രകൃതിദുരന്തങ്ങളിൽ വളരെകാര്യക്ഷമമായി പ്രവർത്തിക്കാൻ കഴിയുമെന്നും അധികൃതർ വ്യക്തമാക്കി.