പെരുന്നാൾ അവധി കഴിഞ്ഞ് ഖത്തറിലെ സർക്കാർ, പൊതു സ്ഥാപനങ്ങൾ ഇന്ന്മുതൽ പ്രവർത്തനം തുടങ്ങുന്നതായി റിപ്പോർട്ട് . 11 ദിവസത്തെ അവധി കഴിഞ്ഞാണ് സർക്കാർ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്. സർക്കാർ ഓഫീസുകൾ, മന്ത്രാലയങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയ്ക്ക് 9 ദിവസത്തെ അവധിയാണ് അമീരി ദിവാൻ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ വാരാന്ത്യ അവധി കൂടി ചേർത്ത് 11 ദിവസങ്ങൾക്ക് ശേഷമാണ് സർക്കാർ സ്ഥാപനങ്ങൾ സജീവമാകുന്നത്. ഇന്ന്മുതൽ എല്ലാ സർക്കാർ സ്ഥാപനങ്ങളും പൂർണ തോതിൽ പ്രവർത്തിക്കും. ഒരാഴ്ചയിലേറെ നീണ്ട അവധി ലഭിച്ചത് മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസി ജീവനക്കാർക്ക് നാട്ടിൽ പോകുന്നതിനും പെരുന്നാൾ ആഘോഷിക്കാനും അവസരമൊരുക്കി. 9 ദിവസങ്ങൾക്ക് ശേഷം ധനകാര്യ സ്ഥാപനങ്ങൾ ഞായറാഴ്ച മുതൽ പ്രവർത്തിച്ച് തുടങ്ങിയിരുന്നു. സ്വകാര്യ മേഖലയിൽ മൂന്ന് ദിവസത്തെ അവധിയാണ് പ്രഖ്യാപിച്ചിരുന്നത്.