ബർദുബായിയെ ദുബായ് ഐലൻഡ്‌സുമായി ബന്ധിപ്പിക്കാനും പ്രദേശത്തെ ഗതാഗതം സുഗമമാക്കാനും ദുബായ് ക്രീക്കിന് മുകളിലൂടെ 1.425 കിലോമീറ്റർ നീളത്തിൽ പാലം നിർമിക്കുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അധികൃതർ വ്യക്തമാക്കി. പാലത്തിനായി ദുബായ് ഹോൾഡിങ്ങിന് 78.6 കോടി ദിർഹത്തിന്റെ കരാർ നൽകി. ഇരുദിശകളിലും നാലുവരികളുള്ള പാലത്തിലൂടെ മണിക്കൂറിൽ 16,000 വാഹനങ്ങൾക്ക് കടന്നുപോകാനാകും. ഇൻഫിനിറ്റി പാലത്തിനും പോർട്ട് റാഷിദ് വികസന മേഖലയ്ക്കും ഇടയിലായി ക്രീക്കിൽനിന്ന് 18.5 മീറ്റർ ഉയരത്തിലാണ് പാലം നിർമിക്കുക. സമുദ്രഗതാഗതം തടസപ്പെടാതിരിക്കാൻ ആവശ്യമായ നടപടികളും സ്വീകരിക്കും. പാലത്തിന്റെ ഇരുവശങ്ങളിലും പ്രത്യേക കാൽനട, സൈക്ലിങ് പാതകളുണ്ടാകും. ബർദുബായ്, ദുബായ് ദ്വീപുകൾ എന്നിവിടങ്ങളിലെ വിവിധപ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്നതിന് രണ്ട് കിലോമീറ്റർ നീളത്തിൽ റോഡുകളും നിർമിക്കും എന്നും അധികൃതർ വ്യക്തമാക്കുന്നു. ഏകദേശം 10 ലക്ഷംപേർക്ക് പദ്ധതിയിൽനിന്ന് പ്രയോജനം ലഭിക്കുമെന്ന് ആർടിഎ ചെയർമാൻ മത്തർ അൽ തായർ ചൂണ്ടിക്കാട്ടി. പദ്ധതി പൂർത്തിയാകുന്നതോടെ യാത്രാസമയം 104 മിനിറ്റിൽനിന്ന് 16 മിനിറ്റായി കുറയും. 20 വർഷത്തിനകം ഏകദേശം 4500 കോടി ദിർഹം ലാഭിക്കാനാകും.