മയക്കുമരുന്ന് വ്യാപാരത്തിൽ ഏർപ്പെടുന്നവർക്കെതിരെ ഉറക്കമില്ലാത്ത കണ്ണുകളുമായി പിന്തുടരുകയാണ് സൗദി അധികൃതർമയക്കുമരുന്ന് വ്യാപാരത്തിൽ ഏർപ്പെടുന്നവർക്കെതിരെ ഉറക്കമില്ലാത്ത കണ്ണുകളുമായി പിന്തുടരുകയാണ് സൗദി അധികൃതർ. അധികൃതരുടെ തിരച്ചിൽ ശക്തിപ്രാപിച്ചതോടെ സൗദിയുടെ നിരവധി പ്രദേശങ്ങളിൽ മയക്കുമരുന്ന് കച്ചവടവുമായി ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്നവർ അറസ്റ്റിലായിട്ടുണ്ടെന്ന് സൗദി പ്രസ് ഏജൻസി വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തു. തബൂക്ക് മേഖലയിലെ ഹലത്ത് അമ്മാർ സെക്ടറിൽ അതിർത്തി സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിൽ 352,275 ആംഫെറ്റാമൈൻ മയക്കുമരുന്ന് ഗുളികകൾ കടത്താനുള്ള ശ്രമം തടയാനായി. അസീർ മേഖലയിലെ അൽ-റബോ സെക്ടറിൽ 50 കിലോഗ്രാം ഖാത്തുമായി രണ്ട് എത്യോപ്യക്കാരെ അധികൃതർ അറസ്റ്റ് ചെയ്തു. ഇവിടെ നടന്ന മറ്റൊരു ഓപ്പറേഷനിൽ 120 കിലോഗ്രാം ഖാത്തുമായിനാല് എത്യോപ്യക്കാരെ അറസ്റ്റ് ചെയ്തു. മക്ക, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ 911 എന്ന നമ്പറിലോ മറ്റ് പ്രദേശങ്ങളിൽ 999 എന്ന നമ്പറിലോ വിളിച്ച് മയക്കുമരുന്ന് കടത്ത് അല്ലെങ്കിൽ വിൽപന സംബന്ധിച്ചു റിപ്പോർട്ട് ചെയ്യണമെന്ന് അധികൃതർ പൊതുജനങ്ങളോട് അഭ്യർഥിച്ചു. വിവരങ്ങൾ നൽകുന്നവരെക്കുറിച്ചുള്ള വിശദാംശങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നു അധികൃതർ വ്യക്തമാക്കി. ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക് കൺട്രോളിൽ 995 എന്ന നമ്പറിലോ 995@gdnc.gov.sa എന്ന ഇമെയിൽ വിലാസത്തിലോ റിപ്പോർട്ടുകൾ സമർപ്പിക്കാവുന്നതാണ്.