കഴിഞ്ഞവർഷം അബുദാബിയുടെ വിവിധ ഭാഗങ്ങളിലായി 400 കോടി ദിർഹത്തിന്റെ വികസന പദ്ധതികൾ പൂർത്തിയാക്കിയതായി അബുദാബി മുനിസിപ്പാലിറ്റി, ഗതാഗത വകുപ്പ് അധികൃതർ.
എമിറേറ്റിലെ അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും മെച്ചപ്പെടുത്താനും നഗരവികസനം പ്രോത്സാഹിപ്പിക്കാനുമുള്ള 7500 കോടി ദിർഹം ബജറ്റിന്റെ ഭാഗമാണിതെന്ന് ഡിഎംടി ചെയർമാൻ മുഹമ്മദ് അലി അൽ ഷൊറഫ വ്യക്തമാക്കി. ജീവിത നിലവാരം മെച്ചപ്പെടുത്താനും പാരിസ്ഥിതിക സുസ്ഥിരത ഉറപ്പാക്കാനുമുള്ള യുഎഇ നേതൃത്വത്തിന്റെ കാഴ്ചപ്പാടിന് അനുസൃതമായാണ് പദ്ധതികൾ നടപ്പാക്കുന്നത്. വികസനത്തിനും സുരക്ഷയ്ക്കുമാണ് ഡിഎംടി മുൻഗണന നൽകുന്നത്.അൽ ദഫ്ര മേഖലയിലെ ഹീലിയോ – അബു അൽ അബ്യാദ് റോഡിന്റെ വിപുലീകരണത്തിനും മറ്റു പ്രധാന ഗതാഗത പദ്ധതികൾക്കുമായി 340 കോടി ദിർഹം ചെലവിട്ടു. അബുദാബി അൽ ഖലീജ് അൽ അറബി സ്ട്രീറ്റിലെ ഗതാഗത തിരക്ക് കുറയ്ക്കാൻ ലക്ഷ്യമിട്ട് 31.5 കോടി ചെലവിൽ രണ്ടു പാലങ്ങളും നിർമിച്ചു. ഇതുവഴി സ്ട്രീറ്റിലെ തിരക്ക് 80 ശതമാനം വരെ കുറയ്ക്കാൻ സാധിച്ചു. അൽ ഐനിലെ ശൈഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റ് നവീകരണവും പദ്ധതിയുടെ ഭാഗമായി നടന്നു. 1.5 കിലോമീറ്റർ നീളത്തിലുള്ള സൈക്ലിങ് പാത, ഒരു ഇവന്റ് പ്ലാസ, ഹരിതയിടങ്ങൾ എന്നിവ ഉൾപ്പെടുത്തിയാണ് സ്ട്രീറ്റ് നവീകരിച്ചത്. അബുദാബിയുടെ വിവിധ പ്രദേശങ്ങളിൽ 240 കിലോമീറ്റർ പുതിയ സൈക്ലിങ് പാതകൾ കൂട്ടിച്ചേർത്തതോടെ പാതകളുടെ മൊത്തം നീളം 1200 കിലോമീറ്ററിൽ കൂടുതലായിട്ടുണ്ട്. ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മാനേജ്മെന്റ് ഡിവലപ്മെന്റ് ആഗോളതലത്തിലെ ഏറ്റവും മികച്ച പത്ത് നഗരങ്ങളുടെ പട്ടികയിലും എമിറേറ്റ് ഇടം പിടിച്ചിട്ടുണ്ട്.