അബുദാബി ആരോഗ്യ വകുപ്പ് സുരക്ഷിതമല്ലാത്ത മായം ചേർന്ന 40 ഉൽപ്പന്നങ്ങൾ വിപണിയിൽ നിരോധിച്ചതായി റിപ്പോർട്ട്. മസിൽ വർധിക്കാനും ലൈംഗിക സംതൃപ്തിക്കും ഭാരം കുറയ്ക്കാനുമായി വിപണിയിൽ എത്തിച്ച ഉൽപ്പന്നമാണ് അധികൃതർ നിരോധിച്ചത്. ഇവ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുമെന്നും സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിലാണ് ഇവ സൂക്ഷിച്ചിരുന്നതെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി. യീസ്റ്റ്, ബാക്ടീരിയ എന്നീ വസ്തുക്കൾ ചേർത്ത് വിഷമയമാക്കിയതായും പരിശോധനയിൽ കണ്ടെത്തി. കറുത്ത പാടുകൾ ഇല്ലാതാക്കാൻ എന്ന് അവകാശപ്പെട്ട് എത്തിച്ച ബ്രോൺസ് ടോൺ ബ്ലാക്ക് സ്പോട്ട് കറക്ടർ, ബയോ ക്ലെയറി ലൈറ്റ്നിങ് ബോഡി ലോഷൻ, റിനോ സൂപ്പർ ലോങ് ലാസ്റ്റിങ് 70000, പിങ്ക് പുസിക്യാറ്റ്, ഗുൾട്ട വൈറ്റ് ആന്റി എക്ൻ ക്രീം എന്നീ ഉൽപ്പന്നങ്ങളാണ് നിരോധിച്ചത്. പല ഫുഡ് സപ്ലിമെന്റുകളും സുരക്ഷിതമെന്ന ധാരണയിലാണ് ജനങ്ങൾ കഴിക്കുന്നത്. എന്നാൽ ഇതുണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് ജനങ്ങൾ ബോധവാന്മാരല്ല. നിരോധിത ഉൽപ്പന്നങ്ങളുടെ പൂർണ വിവരം അബുദാബി ആരോഗ്യ വകുപ്പിന്റെ വെബ്സൈറ്റിൽ ലഭിക്കുന്നതാണ്.