ലോകത്തിലെ ഏറ്റവും വലിയ പ്രവാസി സമൂഹം ഇന്ത്യക്കാരാണെന്ന് കണക്കുകൾ. ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി പബിത്ര മാർഗരിത്ത ലോകസഭയിലാണ് ഇക്കാര്യം അറിയിച്ചത്. നോൺ റെസിഡന്റ് ഇന്ത്യക്കാരിൽ ഭൂരിഭാഗം പേരും ഗൾഫ് രാജ്യങ്ങളിലാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. വിവിധ രാജ്യങ്ങളിലായി ലോകത്തെമ്പാടും മൂന്നരക്കോടിയിലേറെ ഇന്ത്യക്കാരാണ് പ്രവാസികളായി കഴിയുന്നത്. മൊത്തം 3 കോടി 54 ലക്ഷം പ്രവാസി ഇന്ത്യക്കാരിൽ 1 കോടി 59 ലക്ഷം പേരാണ് ഇന്ത്യൻ പാസ്പോർട്ടോടെ നോൺ റെസിഡന്റ് ഇന്ത്യക്കാരായി വിദേശരാജ്യത്തുള്ളത്. എൻ.ആർ.ഐ വിഭാഗത്തിൽ പെടുന്ന ഇവരിൽ ഭൂരിഭാഗം പേരും ഗൾഫ് രാജ്യങ്ങളിൽ തൊഴിലെടുത്ത് ജീവിക്കുന്നവരാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഇന്ത്യയുടെ സാമ്പത്തിക സാംസ്കാരിക വിനിമയരംഗത്ത് കനത്ത സംഭാവനകൾ നൽകുന്നവരാണ് ഇന്ത്യൻ പ്രവാസി സമൂഹമെന്നും മന്ത്രി അറിയിച്ചു.