പെരുന്നാൾ അവധിയോടനുബന്ധിച്ച് എമിറേറ്റിലെ പൊതുപാർക്കിങ് സൗജന്യമാക്കുകയും പൊതുഗതാഗത സംവിധാനങ്ങളുടെ പ്രവർത്തന സമയം നീട്ടുകയും ചെയ്തു. ബഹുനിലകെട്ടിട പാർക്കിങ്ങുകളിൽ ഒഴികെ എല്ലാ പൊതുപാർക്കിങ് മേഖലകളും ശവ്വാൽ ഒന്നുമുതൽ മൂന്നുവരെ സൗജന്യമായി ഉപയോഗിക്കാമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അധികൃതർ വ്യക്തമാക്കി. ശവ്വാൽ നാലുമുതൽ പാർക്കിങ്ങിന് നിരക്ക് ഈടാക്കും. ശനി മുതൽ ബുധൻ വരെ ദുബായ് മെട്രോയുടെ പ്രവർത്തനസമയവും പുനഃക്രമീകരിച്ചിട്ടുണ്ട്. മെട്രോയുടെ ചുവപ്പ്, പച്ച ലൈനുകൾ ശനിയാഴ്ചയും തിങ്കൾ മുതൽ ബുധൻ വരെയും രാവിലെ അഞ്ചുമുതൽ പിറ്റേന്ന് പുലർച്ചെ ഒരുമണിവരെ പ്രവർത്തിക്കും. ഞായറാഴ്ച രാവിലെ എട്ടുമണിമുതൽ തിങ്കളാഴ്ച പുലർച്ചെ ഒരുമണിവരെയും മെട്രോ സേവനങ്ങൾ ലഭ്യമാകും. ശനി, തിങ്കൾ ദിവസങ്ങളിൽ രാവിലെ ആറുമുതൽ പിറ്റേന്ന് പുലർച്ചെ ഒരു മണിവരെയും ഞായറാഴ്ച രാവിലെ ഒൻപത് മണിമുതൽ പിറ്റേന്ന് പുലർച്ചെ ഒരുമണിവരെയും ട്രാമും പ്രവർത്തിക്കും. അതോറിറ്റിയുടെ കീഴിലുള്ള വാഹന പരിശോധനാ കേന്ദ്രങ്ങളും ഉപഭോക്തൃ സന്തോഷ കേന്ദ്രങ്ങളും ശവ്വാൽ ഒന്നുമുതൽ മൂന്നുവരെ അവധിയായിരിക്കും. അതേസമയം ഉംറമൂൽ, ദേര, അൽ ബർഷ, അൽ കിഫാഫ്, ആർടിഎ ആസ്ഥാനം എന്നിവിടങ്ങളിലെ സ്മാർട്ട് ഉപഭോക്തൃ സന്തോഷ കേന്ദ്രങ്ങൾ പതിവുപോലെ 24 മണിക്കൂറും പ്രവർത്തിക്കും. പെരുന്നാൾ പ്രമാണിച്ച് പൊതു ബസ് സേവനങ്ങളുടെ സമയവും പുനഃക്രമീകരിച്ചിട്ടുണ്ട്. അൽ ഗുബൈബ ബസ് സ്റ്റേഷനിൽനിന്നുള്ള റൂട്ട് ഇ 100, ഇബ്ൻ ബത്തൂത്ത സ്റ്റേഷനിൽനിന്നുള്ള റൂട്ട് ഇ 102 എന്നിവ ശവ്വാൽ മൂന്നുവരെ സർവീസ് നടത്തില്ല. അബുദാബിയിലേക്കുള്ള യാത്രക്കാർക്ക് ഇബ്ൻ ബത്തൂത്ത സ്റ്റേഷനിൽനിന്നുള്ള റൂട്ട് ഇ 101-ൽ യാത്ര ചെയ്യാം.