പ്രകൃതിദത്ത ഹെര്‍ബല്‍ ഉത്പന്നങ്ങളെന്ന വ്യാജേന തടി കുറയ്ക്കാനും ശരീരസൗന്ദര്യ കൂട്ടാനും ലൈംഗിക ശേഷി വര്‍ധിപ്പിക്കാനുമുള്ള മരുന്നുകൾ ആരോഗ്യ സപ്ലിമെന്റുകൾ എന്നിവയിൽ മിക്കതും വ്യാജമാണെന്ന മുന്നറിയിപ്പുമായി അബുദാബി ആരോഗ്യ വകുപ്പ്. 2025 ന്റെ തുടക്കം മുതല്‍ ഇതിനകം 18 വ്യാജ ഫാര്‍മസ്യൂട്ടിക്കല്‍ ഉത്പന്നങ്ങൾ കണ്ടെത്തിയതായി അധികൃതര്‍ വ്യക്തമാക്കി. ഇതോടെ അബുദാബി ആരോഗ്യ വകുപ്പ് പട്ടികപ്പെടുത്തിയ വ്യാജ ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പ്പന്നങ്ങളുടെയും ഹെല്‍ത്ത് സപ്ലിമെന്റുകളുടെയും എണ്ണം 3142 ആയി ഉയര്‍ന്നു. ഇത്തരം വ്യാജ ഉല്‍പ്പന്നങ്ങളില്‍ ഭൂരിഭാഗവും പ്രകൃതിദത്ത സ്രോതസ്സുകളില്‍ നിന്ന് ഉണ്ടാക്കിയ ഹെര്‍ബല്‍ ഉത്പന്നങ്ങൾ എന്ന രീതിയിലാണ് വില്‍പ്പന നടത്തപ്പെടുന്നതെന്നും അബുദാബി ആരോഗ്യവകുപ്പ് അധികൃതര്‍ ചൂണ്ടിക്കാട്ടി. നിയമവിരുദ്ധമായി, പലപ്പോഴും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള് വഴിയാണ് ഇവ വില്‍പ്പന നടത്തുന്നത്. ബോഡി ബില്‍ഡിങ് സപ്ലിമെന്റുകള്‍, ലൈംഗിക ഉത്തേജകങ്ങള്‍, സൗന്ദര്യ വര്‍ധക വസ്തുക്കള്‍ തുടങ്ങി ഇത്തരം വ്യാജ ഉത്പന്നങ്ങൾ ഉപയോഗിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ഇടവരുത്തുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്കി. അബുദാബി ആരോഗ്യവകുപ്പിന്റെ വ്യാജ ഫാര്‍മസ്യൂട്ടിക്കല്‍ ഉത്പന്നങ്ങളുടെ പട്ടികയില്‍ ഏറ്റവും കൂടുതലുള്ളത് ലൈംഗിക ഉത്തേജക മരുന്നുകളാണ്. ഇത്തരം 1503 ഉത്പന്നങ്ങളാണ് വ്യാജമെന്ന് അധികൃതര്‍ കണ്ടെത്തിയിരിക്കുന്നത്. 269 ബോഡി ബില്‍ഡിങ് സപ്ലിമെന്റുകള്‍, 341 സൗന്ദര്യവര്‍ധക ഉത്പന്നങ്ങൾ 582 ശരീരഭാരം കുറയ്ക്കാനുള്ള മരുന്നുകള്‍ എന്നിവ അടങ്ങിയതായി വ്യാജന്മാരുടെ പട്ടിക. ഈ വ്യാജ ഉത്പന്നങ്ങളുടെ പേരുകള്‍ ചിത്രങ്ങള്‍, ഉറവിടങ്ങള്‍, അവയുടെ അപകടങ്ങള്‍ എന്നിവ ആരോഗ്യ വകുപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.