സൗദി അറേബ്യയിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുൽ റഹീമിന്‍റെ മോചനം ഇനിയും നീളുമെന്ന് റിപ്പോർട്ട് . ഹർജി പരിഗണിച്ച കോടതി പത്താം തവണയും കേസ് മാറ്റിവെച്ചതോടെയാണ് മോചന കാര്യം തീരുമാനമാകാതിരുന്നത്. ഏപ്രിൽ 14ന് ഇന്ത്യൻ സമയം രാവിലെ 11 നാണ് ഇനി കേസ് പരിഗണിക്കുക. റഹീമിന്റെ അഭിഭാഷകർ മോചനം വൈകുന്നതിനാൽ, പ്രത്യേക ജാമ്യഹർജി ഫയൽ ചെയ്തിരുന്നു. കോടതി ഇതും പരിഗണിച്ചില്ല. മാർച്ച് ആദ്യവാരമുണ്ടായ സിറ്റിങ്ങിൽ കേസ് സംബന്ധമായ എല്ലാ രേഖകളും ഹാജരാക്കാൻ ഗവർണറേറ്റിനോട് കോടതി ആവശ്യപ്പെട്ടിരുന്നു. പത്തു തവണയായി കേസ് കോടതി മാറ്റി വയ്ക്കുന്നതിനാൽ, നിരാശയിലാണ് കുടുബം. സൗദി ബാലന്‍ കൊല്ലപ്പെട്ട കേസിലാണ് 18 വര്‍ഷമായി റഹീം ജയിലില്‍ കഴിയുന്നത്. 34 കോടിയിലേറെ ഇന്ത്യൻ രൂപ ദിയാധനം നൽകുകയും കോടതി വധശിക്ഷ ഒഴിവാക്കുകയും ചെയ്തെങ്കിലും പബ്ലിക് റൈറ്റ് പ്രകാരമുള്ള കേസിൽ തീർപ്പുണ്ടാവാത്തതിനാൽ മോചന കാര്യത്തിൽ അനിശ്ചിതത്വം തുടർന്നിരുന്നു. ഇതിനുവേണ്ടിയുള്ള ആദ്യ സിറ്റിങ് ഒക്ടോബർ 21നാണ് നടന്നത്. എന്നാൽ ബഞ്ച് മാറിയെന്നും വധശിക്ഷ ഒഴിവാക്കിയ ബഞ്ച് തന്നെയാണ് മോചന കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്നും അറിയിച്ച് കോടതി കേസ്മാറ്റിവെക്കുകയായിരുന്നു. വിശദമായ പരിശോധനകൾക്ക് വേണ്ടിയായിരുന്നു പലതവണ കോടതി കേസ് മാറ്റിയത്.