കുവൈത്തിൽ നിയമവിരുദ്ധമായി ഭിക്ഷാടനം നടത്തിയ ഏഴ് വനിതാ യാചകരെ അറസ്റ്റ് ചെയ്തു. ഏഴ് പേരും ജോർദാനിയൻ പൗരത്വമുള്ളവരാണ്. റസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസ് ജനറൽ ഡിപ്പാർട്ട്മെൻ്റ് നടത്തിയ സുരക്ഷാ ക്യാമ്പയിനിലാണ് ഇവരെ പിടികൂടിയത്. പ്രതികളെ നിയമ നടപടികൾക്കായി ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റഫർ ചെയ്തു. എല്ലാ നിയമലംഘകരെയും അവരുടെ റസിഡൻസി സ്റ്റാറ്റസ് അനുസരിച്ച് നാടുകടത്തുമെന്നും റസിഡൻസി ആർട്ടിക്കിൾ (22), ആർട്ടിക്കിൾ (18), ആർട്ടിക്കിൾ (20) എന്നിവ പ്രകാരമായിരിക്കും നടപടികൾ സ്വീകരിക്കുന്നത് എന്നും അധികൃതർ വ്യക്തമാക്കി. റസിഡൻസി കുടുംബ സ്പോൺസർഷിപ്പ് ആണെങ്കില്‍ നിയമലംഘകനെയും അവർക്ക് ഉത്തരവാദിത്തമുള്ള സ്പോൺസറെയും നാടുകടത്തും. സ്വകാര്യ മേഖലയിലെ തൊഴിൽ റസിഡന്‍സി ആണെങ്കില്‍ നിയമലംഘകനെ നാടുകടത്തുകയും കമ്പനിയുടെ ഫയൽ ക്ലോസ് ചെയ്യുകയും ചെയ്യും. ഗാർഹിക തൊഴിലാളികളുടെ റസിഡന്‍സി ആണെങ്കില്‍ നിയമലംഘകനെ നാടുകടത്തുകയും തൊഴിലുടമയെ ഭാവിയിൽ സ്പോൺസർ ചെയ്യുന്നതിൽ നിന്നോ വിസ നൽകുന്നതിൽ നിന്നോ വിലക്കുകയും ചെയ്യും. കുവൈത്തിൽ നിയമവിരുദ്ധമായ ഭിക്ഷാടനം തടയുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് അറസ്റ്റെന്ന് സുരക്ഷാ വൃത്തങ്ങൾ സ്ഥിരീകരിച്ചു. രാജ്യത്ത് ക്രമസമാധാനം നിലനിർത്താൻ ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യാൻ പൊതുജനങ്ങളോട് അധികൃതര്‍ അഭ്യർത്ഥിക്കുകയും ചെയ്തു . ഭിക്ഷാടനത്തിൽ ഏർപ്പെടുന്ന വ്യക്തികളെക്കുറിച്ച് പൊതുജനങ്ങൾക്ക് റിപ്പോർട്ട് ചെയ്യുന്നതിനായി ആഭ്യന്തര മന്ത്രാലയം മൂന്ന് കോൺടാക്റ്റ് നമ്പറുകൾ നൽകിയിട്ടുണ്ട്. അടിയന്തര ഹോട്ട്ലൈൻ നമ്പർ 112 ന് പുറമേ, 25582581, 97288200, എന്നീ നമ്പറുകളിലൂടെയും റിപ്പോർട്ടുകൾ നൽകാമെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു.