കുട്ടിയെ മടിയിലിരുത്തി വാഹനമോടിച്ചതിനെ തുടർന്ന് കാർ പിടിച്ചെടുത്ത് ദുബായ് പൊലീസ്. സ്മാർട് ഡിറ്റക് ഷൻ സിസ്റ്റത്തിലൂടെയാണ് ദുബായ് പൊലീസ് നിയമലംഘനം കണ്ടെത്തിയത്. കുട്ടിയുടെയും വാഹനമോടിച്ചയാളുടെയും ജീവന് ഭീഷണി ഉയർത്തുന്ന പ്രവൃത്തി ഗുരുതര നിയമലംഘനമാണെന്ന് പൊലീസ് വ്യക്തമാക്കി. യുഎഇ ഫെഡറൽ ട്രാഫിക് നിയമം അനുസരിച്ച് 10 വയസ്സിന് താഴെയുള്ളവരും 145 സെന്റിമീറ്ററിൽ താഴെ ഉയരമുള്ളവരുമായ കുട്ടികൾ വാഹനത്തിന്റെ മുൻ സീറ്റിൽ ഇരിക്കുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്. ഇത്തരം അശ്രദ്ധമായ പെരുമാറ്റത്തിലൂടെ അപകടമുണ്ടായാൽ ഗുരുതരമായ പരുക്കുകൾക്കുള്ള സാധ്യത ഗണ്യമായി വർധിപ്പിക്കുമെന്നും അധികൃതർ ചൂണ്ടിക്കാട്ടി. വാഹനമോടിക്കുന്നവരുടെയും മറ്റുള്ളവരുടെയും ജീവനും സുരക്ഷയ്ക്കും ഭീഷണിയുണ്ടാക്കുന്ന രീതിയിൽ വാഹനം ഓടിക്കുന്നവർക്ക് 2,000 ദിർഹം പിഴയും 23 ബ്ലാക്ക് പോയിന്റുകളും 60 ദിവസത്തേയ്ക്ക് വാഹനം കണ്ടുകെട്ടലുമാണ് ശിക്ഷ. റോഡ് സുരക്ഷ നിലനിർത്താൻ നിർമിത ബുദ്ധി, സ്മാർട്ട് സംവിധാനങ്ങൾ എന്നിവ ഉപയോഗിച്ച് ദുബായ് പൊലീസ് അവരുടെ നടപടികൾ വർധിപ്പിച്ചിട്ടുണ്ട്. റോഡിലെ ജീവൻ സംരക്ഷിക്കുന്നതിൽ സമൂഹത്തിന്റെ പങ്കാളിത്തം ആവശ്യമാണെന്നും ഔദ്യോഗിക മാർഗങ്ങളിലൂടെ നിയമലംഘനങ്ങൾ റിപാർട്ട് ചെയ്യാൻ താമസക്കാർ മുന്നോട്ടുവരണമെന്നും അധികൃതർ കൂട്ടിച്ചേർത്തു .