ദുബൈയിൽ സുരക്ഷാ ചട്ടങ്ങൾ ലംഘിച്ച് പൊതുസ്ഥലങ്ങളിൽ ഭക്ഷ്യവസ്തുക്കൾ വിറ്റ 10 അനധികൃത തെരുവ് കച്ചവടക്കാരെ ദുബായ് പൊലീസ് പിടികൂടി. ശരിയായ ലൈസൻസില്ലാതെയും ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കാതെയും കച്ചവടക്കാർ പ്രവർത്തിച്ചിരുന്നതിനാൽ സമൂഹത്തിന് അപകടസാധ്യതകൾ ഉണ്ടായതായി അധികൃതർ കണ്ടെത്തി. റമസാൻ ക്യാംപെയിനിന്റെ ഭാഗമായാണ് അറസ്റ്റ്. പൊതു തെരുവുകളിലും ഇടവഴികളിലും താൽക്കാലിക വിപണികൾ സൃഷ്ടിച്ചുകൊണ്ടാണ് അനധികൃത കച്ചവടം നടത്തിയിരുന്നത്. ഏഷ്യക്കാരാണ് ഇതിന് മുന്നിൽ നിൽക്കുന്നത്. കാലപ്പഴക്കം ചെന്നതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ മത്സ്യ, മാംസാദികൾ വരെ ഇവിടെ ലഭ്യമാണ്. ഇത്തരം പ്രവർത്തനങ്ങൾ സുരക്ഷാ ചട്ടങ്ങൾ ലംഘിക്കുകയും നഗരത്തിന്റെ ആകർഷണീയതയെ കളങ്കപ്പെടുത്തുകയും ചെയ്യുന്നുവെന്ന് അധികൃതർ വ്യക്തമാക്കി .ഇതര സർക്കാർ വകുപ്പുകളുമായി സഹകരിച്ച് പൊതുജന സുരക്ഷ നിലനിർത്താനുള്ള ദുബായ് പൊലീസിന്റെ ശ്രമങ്ങളുടെ ഭാഗമാണ് അനധികൃത കച്ചവടക്കാർക്കെതിരായ നടപടിയെന്ന് ജനറൽ ഡിപാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനിലെ സസ്പെക്ട് ആൻഡ് ക്രിമിനൽ ഫിനോമെന വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ കേണൽ അഹമ്മദ് അൽ അദീദി ചൂണ്ടിക്കാട്ടി .