സൗദി അറേബ്യയിൽ വ്യാജ മെഡിക്കൽ ലീവുകൾക്കെതിരെ മുന്നറിയിപ്പുമായി ആരോഗ്യ മന്ത്രാലയം. അസുഖമില്ലാതെ മെഡിക്കൽ ലീവുകൾ എടുക്കുന്നതും വ്യാജ മെഡിക്കൽ റിപ്പോർട്ടുകൾ നൽകുന്നതും ശിക്ഷാർഹമായ കുറ്റമാണെന്നും മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി . ഒരു ലക്ഷം റിയാൽ പിഴയും ഒരു വർഷം വരെ തടവും ലഭിക്കാവുന്ന കുറ്റമാണിത്. ആരോഗ്യ മേഖലയിലെ നിയമങ്ങളും മാർഗനിർദേശങ്ങളും കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ഡിജിറ്റൽ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനുമുള്ള മന്ത്രാലയത്തിന്റെ പ്രതിബദ്ധതയുടെ ഭാഗമായാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. അനധികൃതമായി വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ നൽകുന്ന സാമൂഹിക മാധ്യമ അക്കൗണ്ടുകൾ വ്യാപകമായി പ്രചരിച്ചിരുന്നു. ഇത്തരം പ്രവൃത്തികൾ ശിക്ഷാർഹമായ കുറ്റമാണെന്നും ഇതിനെതിരെ കർശനമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി . ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവർ പാലിക്കേണ്ട ധാർമികവും നിയമപരവുമായ ഉത്തരവാദിത്തങ്ങളേയും മന്ത്രാലയം എടുത്തുപറഞ്ഞു. രോഗികളുടെ ആരോഗ്യം കണക്കിലെടുത്ത് മാത്രമായിരിക്കണം മെഡിക്കൽ ലീവുകൾ അനുവദിക്കേണ്ടത്. രാജ്യത്ത് `സെഹാത്തി’ പ്ലാറ്റ്‌ഫോം വഴിയാണ് മെഡിക്കൽ ലീവുകൾ ലഭിക്കുന്നത്. തൊഴിലാളികൾക്കും അവർ ജോലി ചെയ്യുന്ന സ്ഥാപനങ്ങൾക്കും ആരോഗ്യകേന്ദ്രങ്ങൾക്കും ഇടയിലുള്ള ആശയവിനിമയം കൂടുതൽ കാര്യക്ഷമമാക്കാനും മെഡിക്കൽ റിപ്പോർട്ടുകളുടെ കൃത്യതയും സുതാര്യതയും ഉറപ്പുവരുത്താനുമാണ് ഈ പ്ലാറ്റ്ഫോം ഉപയോഗിക്കുന്നത്. രോഗികളുടെ മെഡിക്കൽ റിപ്പോർട്ടുകൾ സൂക്ഷ്മമായി നിരീക്ഷിക്കാനായി ഡിജിറ്റൽ മോണിറ്ററിങ് സംവിധാനവും മന്ത്രാലയം ഏർപ്പെടുത്തിയിട്ടുണ്ട്. വ്യാജ മെഡിക്കൽ ലീവ് സേവനങ്ങൾ നൽകുന്ന സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്നും ജാഗ്രത പാലിക്കാൻ പൗരന്മാരോടും താമസക്കാരോടും മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.