അബുദാബിയിൽ ശൈഖ് സായിദ് ഗ്രാൻഡ് മോസ്ക് കഴിഞ്ഞവർഷം 65,82,993 ആളുകളെ സ്വീകരിച്ചതായി അധികൃതർ വ്യക്തമാക്കി . ഇതിൽ 22,59,275 വിശ്വാസികളും 42,62,781 സന്ദർശകരുമുൾപ്പെടുന്നു. മസ്ജിദിന്റെ ജോഗിങ് ട്രാക്കുകളും പ്രയോജനപ്പെടുത്തിയിട്ടുണ്ട്. 8,41,980 സന്ദർശകരുമായി ഇന്ത്യയാണ് മുന്നിൽ. ചൈന (3,97,048), റഷ്യ (2,93,667), അമേരിക്ക (2,04,018), ജർമനി (1,49,277) എന്നീ രാജ്യങ്ങളും ആദ്യ അഞ്ചിൽ ഉൾപ്പെടുന്നു. മുൻവർഷവുമായി താരതമ്യപ്പെടുത്തുമ്പോൾ സന്ദർശകരുടെ എണ്ണത്തിൽ 20 ശതമാനം വർധന രേഖപ്പെടുത്തി. മോസ്കിലെ വെള്ളിയാഴ്ചകളിലെ പ്രാർഥനകളിൽ 2,81,941 ആളുകളും പ്രതിദിനപ്രാർഥനകളിൽ 7,09,875 പേരും പങ്കെടുത്തു. റംസാനിൽമാത്രമായി 6,17,458 ആളുകൾ മോസ്കിലെത്തി. റംസാനിലെ 27-ാംരാത്രിയിൽ ചരിത്രത്തിലാദ്യമായി 87,186 പേർ പങ്കെടുത്തു. ജാതിമതഭേദമെന്യേ ലോകമെമ്പാടുമുള്ള ആളുകളെ സ്വീകരിക്കുന്നതിനൊപ്പം വൈവിധ്യമാർന്ന ഒട്ടേറെ സാംസ്കാരിക, ജീവകാരുണ്യപ്രവർത്തനങ്ങൾക്കും മോസ്ക് നേതൃത്വംനൽകുന്നുണ്ട്. കഴിഞ്ഞ റംസാനിൽ ‘അവർ ഫാസ്റ്റിങ് ഗസ്റ്റ്സ്’ പദ്ധതിയുടെ ഭാഗമായി 21,50,000 ഇഫ്താർ കിറ്റുകൾ വിതരണംചെയ്തു. കേന്ദ്രത്തിന്റെ മേൽനോട്ടത്തിൽ 5,607 ഗൈഡഡ് ടൂറുകൾ നടത്തി. 75,752 ആളുകൾക്ക് ഗൈഡഡ് ടൂറുകൾ പ്രയോജനപ്പെട്ടു. എട്ട് രാഷ്ട്രത്തലവന്മാർ, ഒരു ഉപരാഷ്ട്രപതി, ഒൻപത് പ്രധാനമന്ത്രിമാർ, ഏഴ് ഉപപ്രധാനമന്ത്രിമാർ, മൂന്ന് സംസ്ഥാനഗവർണർമാർ എന്നിങ്ങനെ ഒട്ടേറെ ഉന്നതരും ഈ കാലയളവിൽ മോസ്ക് സന്ദർശിച്ചു. ഗൾഫിലെ ഏറ്റവും പ്രധാനപ്പെട്ട സന്ദർശനകേന്ദ്രങ്ങളിലൊന്നായ ശൈഖ് സായിദ് ഗ്രാൻഡ് മോസ്കിന് ആഗോള സാംസ്കാരിക വിനോദസഞ്ചാര ഭൂപടത്തിലും ശ്രദ്ധേയമായ സ്ഥാനമുണ്ട്. വിവിധ സംസ്കാരങ്ങളിലുള്ള ആയിരക്കണക്കിനാളുകളാണ് പ്രതിദിനം മോസ്കിലെത്തുന്നത്. ഇസ്ലാമികകലകളുടെയും വാസ്തുവിദ്യകളുടെയും ചരിത്രത്തിലൂടെയുള്ള യാത്രയാണ് മോസ്ക് സന്ദർശകർക്ക് സമ്മാനിക്കുന്നത്. സന്ദർശകർക്കായി നൂതന സേവനങ്ങളും സംരംഭങ്ങളും ഗ്രാൻഡ് മോസ്ക് വാഗ്ദാനംചെയ്യുന്നുണ്ട്.