സൗദി പൗരൻ കൊല്ലപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ കേസ് റിയാദ് കോടതി വീണ്ടും നീട്ടി. കോടതി ആവശ്യപ്പെട്ട രേഖകൾ ഗവർണറേറ്റിൽനിന്ന് ലഭിക്കാനുളളതാണ് കാരണമെന്ന് റഹീം നിയമസഹായ സമിതി അറിയിച്ചു. തുടർച്ചയായ ഒമ്പതാം തവണയാണ് കോടതി കേസ് നീട്ടിവെക്കുന്നത്. മാർച്ച് 3 നു രാവിലെ കേസ് പരിഗണിച്ചയുടനെ നീട്ടിവെക്കുകയായിരുന്നു. കോടതി ആവശ്യപ്പെട്ടത് അനുസരിച്ച് ഗവർണറേറ്റ് ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് കേസ് ഫയലിന്റെ ഹാർഡ് കോപ്പി ആവശ്യപ്പെട്ടിട്ടുണ്ട്. ഇവ ലഭിച്ച ശേഷമാകും തുടർ നടപടി. റഹീമിന്റെ അഭിഭാഷകർ, ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ സവാദ്, കുടുംബപ്രതിനിധി സിദ്ദിഖ് തുവ്വൂർ എന്നിവർ ഹാജരായിരുന്നു. കേസ് നീളുന്നതുമായി ബന്ധപ്പെട്ട് റഹീമിന്റെ അഭിഭാഷകൻ കഴിഞ്ഞ ദിവസം ഗവർണറെ കണ്ടതായും നിയമസഹായ സമിതി അറിയിച്ചു. മോചനം വൈകുന്നതിനാൽ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്. റഹീമിന്റെ അഭിഭാഷക ഡോ. റെനയാണ് ഇത് സമർപ്പിച്ചത്. കേസ് ഇനി മാർച്ച് 18 ന് രാവിലെ 11 മണിക്ക് വീണ്ടും പരിഗണിക്കും.