റമദാനിൽ വൈകുന്നേരങ്ങളിൽ അമിത വേഗതയ്ക്കെതിരെ മുന്നറിയിപ്പുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം. ഡ്രൈവിങ്ങിനിടയിൽ നോമ്പു തുറക്കുന്നതും ഭക്ഷണം കഴിക്കുന്നതും ഒഴിവാക്കണമെന്നും മന്ത്രാലയം നിർദേശിച്ചു . തിരക്കേറിയ സമയത്ത് അമിത വേഗതയും ഗതാഗത നിയമങ്ങൾ ലംഘിക്കുന്നതും അപകടങ്ങൾ വിളിച്ചുവരുത്തും. ഏതു സമയവും, പരിധിയിൽ കവിഞ്ഞ വേഗത പാടില്ലെന്നും, ഗതാഗത നിയമങ്ങൾ പാലിക്കണമെന്നും മന്ത്രാലയം നിർദേശിച്ചു. ഡ്രൈവിങ്ങിനിടയിൽ നോമ്പുതുറക്കുന്നത് ഒഴിവാക്കണം. ഇഫ്താർ സമയമായാൽ വാഹനം നിർദിഷ്ട സ്ഥലങ്ങളിൽ പാർക്കു ചെയ്ത് നോമ്പു തുറക്കണം. റമദാനിൽ പൊതുവെ വൈകുന്നേരങ്ങളിലാണ് റോഡ് അപകടങ്ങൾ വർധിക്കുന്നത്. ഓഫീസുകളിൽ നിന്നും ജോലി കഴിഞ്ഞ് തിരക്കു പിടിച്ച് വീടുകളിലേക്കുള്ള യാത്രയും, ഷോപ്പിങിനുള്ള യാത്രയുമെല്ലാം വൈകുന്നേരങ്ങളിൽ റോഡുകളിലെ തിരക്ക് കൂട്ടുന്നുണ്ട്.