അനുമതിയില്ലാതെ മരുന്നുകൾ നിർമിച്ചതിന് സൗദി റിയാദിൽ മരുന്ന് ഫാക്ടറിക്ക് പിഴ വിധിച്ചു. റിയാദ് ന്യു ഇന്റസ്ട്രിയൽ സിറ്റിയിലെ ഫാക്ടറിക്കാണ് 14.5 ലക്ഷം റിയാൽ പിഴ വിധിച്ചത്. ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റിയിൽ രജിസ്റ്റർ ചെയ്യാതെയായിരുന്നു ഫാക്ടറി പ്രവർത്തിച്ചിരുന്നത്. രജിസ്റ്റർ ചെയ്യുന്നതിന് മുന്നേ തന്നെ വാണിജ്യാടിസ്ഥാനത്തിൽ ഉൽപാദനവും വിതരണവും ആരംഭിച്ചിരുന്നു. ഫാക്ടറിക്കെതിരായ കേസ് നിലവിൽ പബ്ലിക് പ്രോസിക്യൂഷനാണ് കൈകാര്യം ചെയ്യുന്നത്. 29 ഇനം മരുന്നുകളാണ് പിടികൂടിയത്. ഫാർമസ്യുട്ടികൾ ആന്റ് ഹെർബൽ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് നിയമത്തിന്റെ 28-ാം വകുപ്പിന്റെ ലംഘനമാണ് ഫാക്ടറി നടത്തിയത്. പത്തു വർഷം വരെ തടവും, ഒരു കോടി റിയാൽ വരെ പിഴയും ചുമത്താവുന്ന കുറ്റമാണിത്. സ്ഥാപനങ്ങളുടെ നിയമ ലംഘനങ്ങൾ ശ്രദ്ധയിൽ പെടുന്നവർ 19999 എന്ന നമ്പറിൽ അറിയിക്കണമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.