ദുബായ് എമിറേറ്റിൽ ഈ മാസാവസാനത്തോടെ പുതിയ വൈദ്യുത വാഹന ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കും. പൊതു പാർക്കിങ് സംവിധാനങ്ങളുടെ നടത്തിപ്പ് കമ്പനിയായ പാർക്കിനും ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയും സംയുക്തമായാണ് ഇതിനായി പ്രവർത്തിക്കുന്നത്. സുസ്ഥിര സംരംഭത്തിന്റെ ആദ്യഘട്ടത്തിന്റെ ഭാഗമായാണ് പുതിയ സ്റ്റേഷനുകൾ സ്ഥാപിക്കാനൊരുങ്ങുന്നത്. പാർക്കിനിന്റെ നേതൃത്വത്തിലുള്ള പ്രധാന പാർക്കിങ് സൈറ്റുകളിലാണ് സ്റ്റേഷനുകൾ സ്ഥാപിക്കുക. ഓരോ ചാർജിങ് സ്റ്റേഷനും രണ്ടു വീതം പാർക്കിങ് സ്ഥലങ്ങളുമുണ്ടാകും. ജനസാന്ദ്രത കൂടുതലുള്ള താമസ പ്രദേശങ്ങളിലും ഇ.വി .ചാർജിങ് സ്റ്റേഷനുകളുടെ എണ്ണം പരിമിതമായ പ്രദേശങ്ങളിലുമാണ് പുതിയ സ്റ്റേഷനുകൾ സ്ഥാപിക്കുക. പാർക്കിനിന്റെ ഡിജിറ്റൽ വാലറ്റ് ഉപയോഗിച്ച് ചാർജിങ് നിരക്ക് അടയ്ക്കാം. കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിന് പരിസ്ഥിതി സൗഹൃദ വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുമെന്ന് ദേവ എം.ഡി.യും സി.ഇ.ഒ.യുമായ സഈദ് അൽ തായർ വ്യക്തമാക്കി. ജീവിക്കാനുള്ള മികച്ച നഗരമായി എമിറേറ്റിനെ മാറ്റാനുള്ള ദുബായ് ഗ്രീൻ മൊബിലിറ്റി സ്ട്രാറ്റജി 2030, ദുബായ് സോഷ്യൽ അജൻഡ 33 എന്നിവയുടെ ലക്ഷ്യങ്ങൾ കൈവരിക്കാനാണ് ശ്രമിക്കുന്നത്. നൂതന സാങ്കേതികവിദ്യകളുള്ള ചാർജിങ് സ്റ്റേഷനുകളിലൂടെ ഗതാഗത സൗകര്യങ്ങൾ വികസിപ്പിക്കാനാണ് ശ്രമമെന്നും അദ്ദേഹംകൂട്ടിച്ചേർത്തു.