നന്മ ബസ് പദ്ധതിയിലൂടെ ആയിരക്കണക്കിന് തൊഴിലാളികൾക്ക് ഭക്ഷണം വിതരണം ചെയ്ത് താമസ, കുടിയേറ്റ വകുപ്പ് ആയ ജി.ഡി.ആർ.എഫ്.എ. റംസാനിൽ കാരുണ്യപ്രവർത്തനങ്ങളുടെ പ്രാധാന്യം ഓർമിപ്പിച്ചുകൊണ്ടാണ് ജി.ഡി.ആർ.എഫ്.എ. അധികൃതർ ഈ വർഷവും തൊഴിലാളികൾക്കായി പദ്ധതി നടപ്പാക്കുന്നത്. മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഹ്യൂമാനിറ്റേറിയൻ ആൻഡ് ചാരിറ്റി എസ്റ്റാബ്ലിഷ്‌മെന്റ്, ദുബായ് ചാരിറ്റി അസോസിയേഷൻ എന്നിവരുമായി സഹകരിച്ചാണ് പ്രവർത്തനം. ഈ റംസാനിൽ 1,50,000 ഭക്ഷണപ്പൊതികൾ വിതരണം ചെയ്യാനാണ് ഇവർ പദ്ധതിയിട്ടിരിക്കുന്നത്. ദിവസവും 5,000 പൊതികൾ ജെബൽ അലി, അൽ ഖൂസ്, ദുബായ് ഇൻവെസ്റ്റ്‌മെന്റ് പാർക്ക്, മുഹൈസിന തുടങ്ങിയ പ്രധാന തൊഴിലാളി കേന്ദ്രങ്ങളിൽ എത്തിക്കും. റംസാനിലും തൊഴിലാളികളെ ചേർത്തുനിർത്തുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ജി.ഡി.ആർ.എഫ്.എ. ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഒബൈദ് മുഹൈർ ബിൻ സുറൂർ വ്യക്തമാക്കി. സാമൂഹിക ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും സമൂഹത്തിൽ ഐക്യദാർഢ്യം വളർത്തുന്നതിനും കൂട്ടായ ശ്രമങ്ങൾ ആവശ്യമാണെന്ന് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഹ്യൂമാനിറ്റേറിയൻ ആൻഡ് ചാരിറ്റി എസ്റ്റാബ്ലിഷ്‌മെന്റ് ഡയറക്ടർ ജനറൽ സാലിഹ് സാഹിർ അൽ മസ്രൂയി, ദുബായ് ചാരിറ്റി അസോസിയേഷൻ എക്സിക്യുട്ടീവ് ഡയറക്ടർ അഹമ്മദ് അൽ സുവൈദി എന്നിവർ ചൂണ്ടിക്കാട്ടി.