ദുബായിൽ വാഹനപാർക്കിങ് ശേഷി 40-ൽനിന്ന് 175 ആയി ഉയർത്തി അൽ റൊവയ്യ ട്രക്ക് വിശ്രമകേന്ദ്രം റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി വിപുലീകരിച്ചു. വിശ്രമകേന്ദ്രത്തിന്റെ പാർക്കിങ് ശേഷി 338 ശതമാനമായി ഉയർന്നു. ചരക്കുഗതാഗതവും വലിയ വാഹനങ്ങളുടെ ഡ്രൈവർമാരുടെ സുരക്ഷയും മെച്ചപ്പെടുത്താനുള്ള ആർ.ടി.എ.യുടെ ശ്രമങ്ങളുടെ ഭാഗമാണ് നടപടി. ദൂരയാത്രകളിൽ ഡ്രൈവർമാർക്ക് വിശ്രമിക്കാൻ മികച്ച അന്തരീക്ഷം ഒരുക്കുന്നതിൽ വിശ്രമകേന്ദ്രങ്ങൾക്ക് വലിയ പങ്കുണ്ട്. ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, എമിറേറ്റ്‌സ് റോഡ് എന്നിവയുൾപ്പടെയുള്ള പ്രധാന ഹൈവേകളുടെ സമീപത്തായാണ് അൽ റൊവയ്യ ട്രക്ക് വിശ്രമകേന്ദ്രം സ്ഥിതി ചെയ്യുന്നത്. വലിയ വാഹനങ്ങൾക്കായുള്ള അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാനും ഡ്രൈവർമാർക്കുള്ള സേവനങ്ങൾ മെച്ചപ്പെടുത്താനുമാണ് അതോറിറ്റി ശ്രമിക്കുന്നതെന്ന് ട്രാഫിക് ആൻഡ് റോഡ്സ് ഏജൻസിയിലെ ട്രാഫിക് ഡയറക്ടർ അഹമ്മദ് അൽ ഖസൈമി വ്യക്തമാക്കി. പാർക്കിങ് സൗകര്യങ്ങൾ വിപുലീകരിച്ചതിലൂടെ ക്രമരഹിതമായ പാർക്കിങ് ഒഴിവാക്കാനും അപകടങ്ങൾ കുറയ്ക്കാനും കഴിയും. എമിറേറ്റിലെ റോഡ് ശൃംഖല മെച്ചപ്പെടുത്താനും സുഗമ ഗതാഗതം ഉറപ്പാക്കാനുമാണ് വികസന പദ്ധതികൾ നടപ്പാക്കുന്നത്. സുസ്ഥിര ഗതാഗത മേഖലയിലെ ആഗോള നേതാവാകാനുള്ള ആർ.ടി.എ.യുടെ കാഴ്ചപ്പാടിന് അനുസൃതമാണ് വികസന പ്രവർത്തനങ്ങളെന്നും അൽ ഖസൈമി ചൂണ്ടിക്കാട്ടി.