അൽ ഖാലിദിയയിലെ അൽ ലയ്യ കനാൽ പദ്ധതി യു.എ.ഇ. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉദ്ഘാടനം ചെയ്തു. ഖാലിദ് ലഗൂണിനെ അറേബ്യൻ ഗൾഫുമായി ബന്ധിപ്പിക്കുന്നതാണ് 600 മീറ്റർ നീളത്തിലുള്ള പുതിയ കനാൽ. ഔദ്യോഗിക ചടങ്ങുകൾക്ക് ശേഷം അദ്ദേഹം കനാലിലൂടെ ബോട്ടിൽ സഞ്ചരിച്ച് ചുറ്റുമുള്ള പ്രദേശങ്ങളും വിവിധ സൗകര്യങ്ങളും സന്ദർശിച്ചു. അൽ ലയ്യ കനാലുമായി ബന്ധപ്പെട്ട ഭാവി വികസന പദ്ധതികളുടെ അവലോകനവും നടത്തി. ബ്രേക്ക് വാട്ടർ, വാട്ടർഫ്രണ്ട് പ്രൊമനേഡ്, പാലങ്ങൾ എന്നിങ്ങനെ വൈവിധ്യമാർന്ന ഒട്ടേറെ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളും പദ്ധതിയിൽ ഉൾപ്പെടുന്നുണ്ട്. ശക്തമായ തിരമാലകളിൽനിന്ന് കനാലിനെ സംരക്ഷിക്കാൻ 330 മീറ്റർ നീളത്തിലാണ് കടൽഭിത്തി നിർമിച്ചിരിക്കുന്നത്. സമുദ്ര ജൈവവവൈവിധ്യം സംരക്ഷിക്കാൻ ലക്ഷ്യമിട്ട് നടപ്പാക്കാനുദ്ദേശിക്കുന്ന കോറൽ റീഫ് കൾട്ടിവേഷൻ സംരംഭത്തെക്കുറിച്ച് ഉദ്യോഗസ്ഥർ ശൈഖ് സുൽത്താന് വിശദീകരിച്ചു നൽകി. അൽ ലയ്യയെ ഫ്ലാഗ് ഐലൻഡുമായി ബന്ധിപ്പിക്കാൻ നടപ്പാതയും വാഹനങ്ങൾക്കായി പാലങ്ങളും നിർമിച്ചിട്ടുണ്ട്. പ്രദേശത്തേക്കുള്ള യാത്ര കാര്യക്ഷമമാക്കാൻ റോഡുകളും പാർക്കിങ് സൗകര്യങ്ങളും മെച്ചപ്പെടുത്തി. വിനോദസഞ്ചാരമേഖലയെ പ്രോത്സാഹിപ്പിക്കാനും നിക്ഷേപ സാധ്യതകൾ വർധിപ്പിക്കാനും പദ്ധതിക്ക് കഴിയുമെന്നാണ് പ്രതീക്ഷ.