ബഹ്റൈനിലെ പ്രധാന റോഡുകളിൽ ഇറക്കിയ ലൈസൻസില്ലാത്ത ഇലക്ട്രിക് സ്കൂട്ടറുകൾ ട്രാഫിക് പോലീസ് പിടിച്ചെടുത്തതായി റിപ്പോർട്ട്. 170 ഇലക്ട്രിക് സ്കൂട്ടറുകളാണ് പോലീസ് പിടികൂടിയത്. കാറുകൾ, ട്രക്കുകൾ, മറ്റ് വാഹനങ്ങൾ തുടങ്ങിയവയുടെ ഗതാഗതത്തിന് മാത്രമായി നിയുക്തമാക്കിയിരുന്ന പാതകളിൽ ഡ്രൈവിങ് നടത്തിയതിനാണ് ഇ-സ്കൂട്ടറുകൾ പോലീസ് പിടിച്ചെടുത്തത്. ലൈസൻസില്ലാത്ത ഇലക്ട്രിക് സ്കൂട്ടറുകൾക്ക് ഈ മാസം ആദ്യം മുതൽ നിരോധനം ഏർപ്പെടുത്തിയിരുന്നു. ഇ സ്കൂട്ടറുകളുടെ അനിയന്ത്രിതമായ ഉപയോഗം മരണങ്ങൾക്ക് കാരണമാകുകയും വാഹനമോടിക്കുന്നവർക്കും കാൽനടയാത്രക്കാർക്കും അപകട സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നതായി അധികൃതർ വ്യക്തമാക്കിയിരുന്നു.