ബഹ്റൈനിൽ ശക്തമായ കടൽ തിരമാലകളിൽ പെട്ടുപോയ കുട്ടിയെ കോസ്റ്റ് ഗാർഡുകൾ രക്ഷപ്പെടുത്തി. മാൽക്കിയ ബീച്ചിലെ കടലിൽ അകപ്പെട്ടുപോയ എട്ട് വയസ്സുള്ള കുട്ടിയെയാണ് കോസ്റ്റ് ഗാർഡുകൾ അതിസാഹസികമായി രക്ഷപ്പെടുത്തിയത്. സംഭവം നടന്നയുടൻ തന്നെ പെട്രോളിങ് യൂണിറ്റുകൾ വിന്യസിച്ചിരുന്നു. കാര്യക്ഷമമായി നടത്തിയ തിരച്ചിലിൽ ജീവനോടെ തന്നെ കുട്ടിയെ രക്ഷപെടുത്തുകയായിരുന്നു. രക്ഷാപ്രവർത്തനത്തിന് ശേഷം കുട്ടിയുടെ നില തൃപ്തികരമാണെന്ന് അധികൃതർ വ്യക്തമാക്കി. കടൽത്തീരങ്ങളിൽ പോകുന്നവർ ജാഗ്രത പാലിക്കണമെന്നും നീന്തുമ്പോൾ സുരക്ഷ മാർഗനിർദേശങ്ങൾ പാലിക്കണമെന്നും കോസ്റ്റ് ഗാർഡ് അധികൃതർ ചൂണ്ടിക്കാട്ടി.