ഷാർജയിൽ കെട്ടിടം വാടകയ്ക്ക് എടുക്കുന്ന സേവനങ്ങൾക്കായി ഡിജിറ്റൽ പ്ലാറ്റ് ഫോം ആരംഭിച്ചു. ഫ്ലാറ്റോ കെട്ടിടമോ വാടകയ്ക്ക് എടുക്കുന്നതുമായി ബന്ധപ്പെട്ട് ഇനി ഓഫിസിൽ കയറിയിറങ്ങേണ്ടതില്ല. ഇതിന്റെ നടപടിക്രമങ്ങൾ ഏഴിൽനിന്ന് മൂന്നാക്കി കുറയ്ക്കുകയും ചെയ്തു. മുൻപ് 5 തവണ വിവിധ ഓഫിസുകൾ കയറിയിറങ്ങേണ്ട സേവനം ഡിജിറ്റലാക്കിയതോടെ എവിടെ ഇരുന്നും ആർക്കും ഓൺലൈനായിനടപടിക്രമങ്ങൾ പൂർത്തിയാക്കാമെന്ന് അധികൃതർ വ്യക്തമാക്കി. എമിറേറ്റിലെ റിയൽ എസ്റ്റേറ്റ് സേവനങ്ങൾ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് പരിഷ്ക്കാരം. പരീക്ഷണാടിസ്ഥാനത്തിൽ എമിറേറ്റിലെ 4791 കെട്ടിടങ്ങൾ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. ഷാർജ ഡിജിറ്റൽ പ്ലാറ്റ്ഫോമിന് കീഴിലാണ് അഖാരി പ്രവർത്തിക്കുക. പുതിയ സംവിധാനം പ്രാബല്യത്തിലായതോടെ താമസക്കാർക്കും ബിസിനസുകാർക്കും ഇനി എളുപ്പത്തിൽ കെട്ടിട വാടക സേവനങ്ങൾ ലഭ്യമാകും. ഇതുമൂലം സമയവും പണവും ലാഭിക്കാമെന്നതാണ് പ്രത്യേകത. കൂടാതെ പ്രവാസികൾക്കും പ്രയോജനകരമണ്. 20ലേറെ സർക്കാർ സേവനങ്ങളിലേക്കുള്ള പ്രവേശനവും ഇതുവഴി സാധ്യമാകും.