പെട്രോളിഗിനിടെ സുരക്ഷ ഉദ്യോഗസ്ഥനെ ഇടിച്ചുതെറിപ്പിച്ചു വാഹനത്തിൽ വിദേശമദ്യം കടത്തിയ പ്രവാസി കുവൈത്തിൽ പിടിയിലായി. വ്യാപകമായ തിരച്ചിലിന് ശേഷമാണ് പ്രവാസിയായ പ്രതിയെ അൽ അഹമ്മദി സപ്പോർട്ട് പട്രോളിംഗ് പിടികൂടിയത്. അബു ഹലീഫ മേഖലയിൽ പതിവ് പട്രോളിംഗ് നടത്തിയ അഹമ്മദി സെക്യൂരിറ്റി ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ പട്രോളിംഗിനിടെ ഒരു വാഹനം നിർത്താൻ ശ്രമിച്ചു. എന്നാൽ ഡ്രൈവർ നിർദേശങ്ങൾ അവഗണിച്ച് കടന്നുകളയാനൊരുങ്ങി. ഇതിനിടെ പ്രവാസിയായ ഡ്രൈവർ ഓഫീസറെ ഇടിച്ചുതെറിപ്പിക്കുകയും ചെയ്തു. കൂടുതൽ പട്രോളിംഗ് സംഘം എത്തിയതോടെ പ്രതി വാഹനം ഉപേക്ഷിച്ച് കാൽനടയായി രക്ഷപെടുകയായിരുന്നു.വ്യാപകമായ തിരച്ചിലിന് ശേഷം അൽ അഹമ്മദി സപ്പോർട്ട് പട്രോളിംഗ് പ്രതിയെ പ്രദേശത്ത് നിന്ന് തന്നെ പിടികൂടി. വാഹനം പരിശോധിച്ചപ്പോൾ മദ്യ കുപ്പികളാണ് കണ്ടെത്തിയത്. പ്രതിയെ അറസ്റ്റ് ചെയ്യുകയും ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുകയും ചെയ്തു. തുടർ നടപടികൾക്കായി ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റഫർ ചെയ്തു.