ബയോമെട്രിക് വിരലടയാളം നടപ്പിലാക്കുന്നതിൽ വലിയ പുരോഗതി കൈവരിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം. ഇത് പ്രവാസികൾക്കിടയിൽ നൂറുകണക്കിന് വ്യാജ കേസുകൾ കണ്ടെത്തുന്നതിന് കാരണമായി. അറസ്റ്റിലായ പ്രവാസികൾ മുമ്പ് വിവിധ കാരണങ്ങളാൽ രാജ്യത്ത് നിന്ന് നാടുകടത്തപ്പെട്ടിരുന്നുവെങ്കിലും വ്യാജ ഐഡൻറിറ്റി ഉപയോഗിച്ച് വീണ്ടും കുവൈത്തിവേക്ക് പ്രവേശിക്കുകയായിരുന്നു. ബയോമെട്രിക് ഫിംഗർപ്രിൻറ് സംവിധാനം ഇത്തരം കേസുകൾ തിരിച്ചറിയുന്നതിൽ നിർണായകമായി മാറി. ഇതിലൂടെ രണ്ട് പതിറ്റാണ്ടുകൾക്ക് മുമ്പുള്ള സംഭവങ്ങൾ വരെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നാടുകടത്തപ്പെട്ട ഈ വ്യക്തികൾ വ്യാജ പാസ്‌പോർട്ടുകളും വ്യത്യസ്ത പേരുകളും ഉപയോഗിച്ച് വ്യാജമായ രീതിയിലാണ് മടങ്ങി വന്നത്. ഇവരുടെ റെസിഡൻസി പുതുക്കുന്നതിന് നിരോധനം ഏർപ്പെടുത്തുവാനും നാട് കടത്തുവാനുമുള്ള നടപടികൾ ആരംഭിച്ചതായും മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി.