കുവൈത്തിൽ റമദാനിന് മുന്നോടിയായി ഭക്ഷ്യ പരിശോധനകൾ ശക്തമാക്കി വാണിജ്യ, വ്യവസായ മന്ത്രാലയം. കഴിഞ്ഞ ദിവസം ഷുവൈഖ് ഏരിയയിൽ സംഘടിപ്പിച്ച പരിശോധനയിൽ നിയമ ലംഘനം നടത്തിയ ഒൻപത് സ്റ്റോറുകൾക്ക് അധികൃതർ പിഴയിട്ടു. ചായ, കോഫി ഷോപ്പുകൾ, ഈത്തപ്പഴം വിൽക്കുന്ന കടകൾ എന്നിവിടങ്ങളിലാണ് പ്രധാനമായും പരിശോധനകൾ നടത്തിയത്. പാക്കേജ് ചെയ്ത ഉൽപ്പന്നങ്ങളുടെ ഭാരത്തിൽ കൃത്രിമം കാണിക്കുക, ഭക്ഷണ സാധനങ്ങളുടെ പാക്കിങ്ങിൽ വില കാണിക്കുന്ന ടാഗുകൾ പ്രദർശിപ്പിക്കാതിരിക്കുക, ഉൽപ്പന്നം ഏത് രാജ്യത്തു നിന്നുള്ളതാണെന്ന വിവരം കാണിക്കാതിരിക്കുക തുടങ്ങി നിരവധി നിയമ ലംഘനങ്ങൾ പരിശോധനയിലുടനീളം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് കടകൾക്ക് പിഴയിട്ടതെന്ന് അധികൃതർ കൂട്ടിച്ചേർത്തു. റമദാൻ മാസത്തിന് മുന്നോടിയായി രാജ്യത്ത് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പരിശോധന കാമ്പയിനുകൾ സംഘടിപ്പിക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി.