സൗദി അറേബ്യയിലെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന വനിതാജീവനക്കാരികൾക്ക് സന്തോഷവാർത്ത. പന്ത്രണ്ട് ആഴ്ച പ്രസവാവധി നൽകുന്നത് അടക്കമുള്ള കൂടുതൽ ആനുകൂല്യങ്ങൾ അടങ്ങുന്ന നിയമം നാളെ മുതൽ പ്രാബല്യത്തിൽ. പ്രസവം പ്രതീക്ഷിക്കുന്ന തീയതിക്ക് നാലാഴ്ച മുൻപ് മുതൽ എപ്പോൾ വേണമെങ്കിലും ഈ അവധി വനിതാജീവനക്കാരികൾക്ക് പ്രയോജനപ്പെടുത്താം. കൂടാതെ സഹോദരനോ സഹോദരിയോ മരിച്ചാൽ മൂന്നു ദിവസത്തെ വേതനത്തോടു കൂടിയ അവധിയും ലഭിക്കും. തൊഴിൽ കരാർ അവസാനിപ്പിക്കുന്നതിനും പുതിയ വ്യവസ്ഥ നിലവിൽ വന്നു. ഇതനുസരിച്ച് തൊഴിലാളിയാണ് കരാർ അവസാനിപ്പിക്കുന്നത് എങ്കിൽ ചുരുങ്ങിയത് 30 ദിവസം മുൻപും തൊഴിലുടമയാണ് തൊഴിൽ കരാർ അവസാനിപ്പിക്കുന്നതെങ്കിൽ 60 ദിവസം മുൻപും നോട്ടിസ് നൽകിയിരിക്കണം. ജീവനക്കാർക്ക് തൊഴിലുടമകൾ താമസ, യാത്രാ സൗകര്യം ഏർപ്പെടുത്തണം. ഇല്ലെങ്കിൽ താമസ, യാത്രാ അലവൻസുകൾ വിതരണം ചെയ്യണം എന്നിവയാണ് മറ്റു പ്രധാന വ്യവസ്ഥകൾ. ഓവർ ടൈം ജോലി ചെയുന്നതിന് ഓവർ ടൈം വേതനത്തിന് പകരം അവധി നൽകാനും തൊഴിലുടമക്ക് അനുമതിയുണ്ട്.