കാലാവധി കഴിഞ്ഞ വെറ്ററിനറി ഉൽപന്നങ്ങൾ സുരക്ഷിതമായി രീതിയിൽ സംസ്കരിക്കണമെന്ന് എമിറേറ്റിലെ എല്ലാ വെറ്ററിനറി സ്ഥാപനങ്ങൾക്കും അജ്മാൻ മുനിസിപ്പാലിറ്റി നിർദേശം നൽകി. ഉൽപ്പന്നങ്ങളുടെ കാലാവധി കഴിഞ്ഞ് മൂന്ന് മാസത്തിനുള്ളിൽ ശരിയായ രീതിയിൽ സംസ്കരണം ഉറപ്പാക്കണമെന്നും അധികൃതർ വ്യക്തമാക്കി. നിയമ ലംഘകർക്ക് 10,000 ദിർഹം മുതൽ 5 ലക്ഷം ദിർഹം വരെ പിഴ ഈടാക്കും. വെറ്ററിനറി ഉൽപ്പന്നങ്ങൾ കണ്ടുകെട്ടുകയും ചെയ്യും. ലംഘനം ആവർത്തിച്ചാൽ സ്ഥാപനം അടച്ചുപൂട്ടുമെന്നും മുനിസിപ്പാലിറ്റി അധികൃതർ കൂട്ടിച്ചേർത്തു. സമീപകാലത്ത് അജ്മാൻ മുനിസിപ്പാലിറ്റി കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയവുമായി സഹകരിച്ച് പരിസ്ഥിതി സുരക്ഷ ശക്തിപ്പെടുത്തിയിരുന്നു. ക്ലിനിക്കുകളും ഫാർമസികളും ഉൾപ്പെടെയുള്ള വെറ്ററിനറി കേന്ദ്രങ്ങൾ നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ മുനിസിപ്പാലിറ്റി ഒരു സമഗ്ര പദ്ധതി വികസിപ്പിച്ചിട്ടുണ്ടെന്ന് അജ്മാനിലെ പബ്ലിക് ഹെൽത്ത് ആൻഡ് എൻവയോൺമെന്റ് സെക്ടർ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ഖലീദ് മൊയിൻ അൽ ഹൊസാനി ചൂണ്ടിക്കാട്ടി.