ഡെലിവറി വാഹനങ്ങള്‍ സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ ഗതാഗത കുരുക്ക് ഉണ്ടാക്കരുത് എന്ന് സൗദി മുനിസിപ്പല്‍ മന്ത്രാലയം നിര്‍ദ്ദേശിച്ചു. റസ്റ്റോറന്റുകള്‍ക്കും ബന്ധപ്പെട്ട മറ്റു സ്ഥാപനങ്ങള്‍ക്കുമാണ് പുതിയ നിര്‍ദ്ദേശം പുറപ്പെടിയിപ്പിച്ചത്. ഡെലിവറി വാഹനങ്ങള്‍ക്കായി പാര്‍ക്കിംഗ് സംവിധാനം ഏര്‍പെടുത്തണം. പൊതു പാര്‍ക്കിങ്ങുകള്‍, റോഡരികുകള്‍ എന്നിവ ഇതിനായി ഉപയോഗിക്കരുതെന്നുമാണ് പുതിയ നിര്‍ദ്ദേശം. ഡെലിവറി വാഹനങ്ങളുടെ സൗകര്യത്തിനായി സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ നോ പാര്‍ക്കിംഗ് ബോര്‍ഡുകള്‍ അനുവദിക്കുന്നതല്ല. ഇത്തരം വാഹനങ്ങള്‍ക്കായി പ്രത്യേക പാര്‍ക്കിംഗ് കണ്ടെത്തേണ്ടതാണ്. എമര്‍ജന്‍സി സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഫസ്റ്റ് എയ്ഡ് ബോക്‌സുകള്‍ സ്ഥാപനങ്ങള്‍ കരുതണമെന്നും മന്ത്രാലയം നിര്‍ദ്ദേശിച്ചു. 400 ചതുരശ്ര മീറ്ററില്‍ കൂടുതലുള്ള റസ്റ്റോറന്റുകള്‍ ലൈസന്‍സുള്ള ഭക്ഷണ സംരക്ഷണ സംഘടനകളുമായി കരാര്‍ ചെയ്യണം. ഡെലിവറി മാത്രം ചെയ്യുന്ന സ്ഥാപനങ്ങള്‍ ഡെലിവറി ജീവനക്കാര്‍ക്ക് വിശ്രമ ഇടം ഒരുക്കുകയും വേണം. ഭക്ഷ്യ സുരക്ഷ, പരിസര മലിനീകരണം തുടങ്ങിയവയ്ക്ക് മുന്‍ഗണന നല്‍കണം. തണുപ്പിച്ച ഭക്ഷ്യ ഉത്പന്നങ്ങള്‍ -12°C ന് താഴെ താപനിലയില്‍ സൂക്ഷിക്കുക. ഭക്ഷ്യ ഉല്പന്നങ്ങള്‍ക്കെതിരെ വരുന്ന പരാതികള്‍ പരിഗണിക്കണമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.