റിയാദിലെ ഇസ്കാന്‍ ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചന കേസ് വീണ്ടും മാറ്റി വെച്ചു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാനുണ്ടെന്ന് പറഞ്ഞാണ് കോടതി ഈ തവണ കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചത്. എട്ടാം തവണയാണ് റിയാദിലെ ക്രിമിനല്‍ കോടതി കേസ് മാറ്റിവെക്കുന്നത്. ഇന്ന് രാവിലെ 11.30ന് തുടങ്ങിയ ഓണ്‍ലൈന്‍ സിറ്റിങ് ഒരു മണിക്കൂറിലേറെ നീണ്ടുനിന്നു. ജയിലില്‍നിന്ന് അബ്ദുല്‍ റഹീമും പ്രതിഭാഗം അഭിഭാഷകരും ഇന്ത്യന്‍ എംബസി പ്രതിനിധിയും റിയാദ് നിയമസഹായസമിതി പ്രവര്‍ത്തകരും പങ്കെടുത്തു. പബ്ലിക് റൈറ്റ് പ്രകാരമുള്ള കേസില്‍ തീര്‍പ്പാവാത്തതാണ് റഹീമിന്റെ ജയില്‍ മോചനം അനന്തമായി നീളാന്‍ ഇടയാക്കുന്നത്.