റോഡുകളിൽ തെറ്റായി യു-ടേൺ എടുക്കുന്ന ഡ്രൈവർമാർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കാൻ തുടങ്ങി കുവൈത്ത്. ഗതാഗത നിയന്ത്രണം കർശനമാക്കുന്നതിൻ്റെയും റോഡ് ഉപയോക്താക്കളുടെ സുരക്ഷയ്ക്ക് ഭീഷണിയായ അപകടകരമായ പെരുമാറ്റങ്ങൾ കുറയ്ക്കുന്നതിൻ്റെയും ഭാഗമായാണ് നടപടി. 60 ദിവസത്തേക്ക് വാഹനങ്ങൾ പിടിച്ചെടുക്കുകയും മറ്റ് നിയമ നടപടികളും ഇവർക്കെതിരെ ഉണ്ടാകും. ക്യാമറകൾ അനധികൃതമായി യു-ടേൺ എടുക്കുന്നത് നിരീക്ഷിക്കും. ഡ്രൈവർമാർ അവരുടെ സുരക്ഷയും മറ്റുള്ളവരുടെ സുരക്ഷയും ഉറപ്പാക്കുന്നതിന് ട്രാഫിക് നിയമങ്ങൾ പാലിക്കേണ്ടതിൻ്റെ ആവശ്യകതയും ട്രാഫിക് വകുപ്പ് അധികൃതർ ചൂണ്ടിക്കാട്ടി. റോഡുകളിലെ സുരക്ഷ വർധിപ്പിക്കുന്നതിനായി നിയമലംഘകരെ അറസ്റ്റ് ചെയ്യുന്നതിനും തെറ്റായ പെരുമാറ്റങ്ങൾ തടയുന്നതിനുമുള്ള ക്യാമ്പയിനുകളും തുടരുന്നതാണ്.