സൗദിയിൽ മയക്കുമരുന്ന് കടത്ത് സംഘങ്ങൾക്ക് സഹായമൊരുക്കിയ പതിനഞ്ച് സർക്കാർ ജീവനക്കാർ പിടിയിൽ. കസ്റ്റംസ്, ആഭ്യന്തര, പ്രതിരോധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരാണ് പിടിയിലായത്. സൗദി ആഭ്യന്തര മന്ത്രാലയമാണ് ഈക്കാര്യം പുറത്ത് വിട്ടത്. അസീർ, ജിസാൻ, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ നിന്നായി കഴിഞ്ഞ ദിവസങ്ങളിൽ പിടിയിലായ മൂന്ന് മയക്കുമരുന്ന് കടത്ത് സംഘങ്ങളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കൂടുതൽ പേർ പിടയിലായത്. കേസിൽ അറസ്റ്റിലായ 19 പേരിൽ 15 സർക്കാർ ജീവനക്കാർ ഉൾപ്പെടുന്നതായി മന്ത്രാലയം വ്യക്തമാക്കി. ആഭ്യന്തര മന്ത്രാലയത്തിലെ അഞ്ചും, പ്രതിരോധ മന്ത്രാലയത്തിലെ മൂന്നും, സകാത്ത്, നികുതി, കസ്റ്റംസ് അതോറിറ്റിയിലെ ഏഴ് ജീവനക്കാരും സംഘത്തിലുണ്ട്. ആവശ്യമായ നിയമ നടപടികൾ സ്വീകരിച്ച ശേഷം അറസ്റ്റിലായ പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.അതേസമയം സംഘം രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളിലേക്ക് അവരുടെ ക്രിമിനൽ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിന് ഏകോപനം നടത്തിയതായും, മയക്കുമരുന്ന് കടത്തിൽ നിന്ന് ലഭിച്ച പണം ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിക്കലിൽ ഏർപ്പെട്ടതായും അന്വേഷണ സംഘം കണ്ടെത്തി. രാജ്യത്തിന്റെ സുരക്ഷയ്ക്കും പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷയ്ക്കും ഭീഷണിയാകുന്ന ഏത് സംഘത്തെയും നിയമവിധേയമായി നേരിടുമെന്ന് ആഭ്യന്തര മന്ത്രാലയം കൂട്ടിച്ചേർത്തു.