കുവൈത്തിൽ ഫുഡ് ഡെലിവറി തൊഴിലാളികളിൽ നിന്ന് ഭക്ഷണ ഓർഡറുകൾ മോഷ്ടിച്ച കേസിൽ സംശയിക്കപ്പെടുന്ന മൂന്നു പേരെ അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. സാദ് അൽ അബ്ദുല്ല ഏരിയയിൽ ആണ് സംഭവം നടന്നത്. ഇവരെ ക്രിമിനൽ ഇൻവസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് അധികൃതരാണ് പിടികൂടിയത്. ഫുഡ് ഓർഡറുകൾ മോഷണം പോകുന്നതായി നിരവധി ഫുഡ് ഡെലിവറി തൊഴിലാളികളിൽ നിന്ന് പരാതികൾ ലഭിച്ചതിനെ തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്. ഡെലിവറി ജീവനക്കാരെ ലക്ഷ്യംവെച്ചുള്ള മോഷണ പ്രവണത വർധിച്ചു വരുന്നതായും ഇതിനെതിരെ കർശന നടപടികൾ ആവശ്യമാണെന്നും അധികൃതർ വ്യക്തമാക്കി. ഡെലിവറി ജീവനക്കാരും ഉപഭോക്താക്കളും ജാഗ്രത പാലിക്കണമെന്നും സംശയാസ്പദമായ എന്തെങ്കിലും പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ റിപ്പോർട്ട് ചെയ്യണമെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. കൂടുതൽ അന്വേഷണത്തിനും നിയമ നടപടികൾക്കുമായി പിടികൂടിയവരെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയതായാണ് വിവരം.