എയർ ഇന്ത്യ എക്സ്പ്രസ് മസ്കത്തിൽ നിന്ന് കേരള സെക്ടറിലേക്കുള്ള സർവീസുകൾ വെട്ടിക്കുറച്ചതായി റിപ്പോർട്ട്. എയർ ഇന്ത്യ എക്സ്പ്രസിന്റെ വെബ്സൈറ്റിൽ കാണുന്നതനുസരിച്ച് ബുധന്, വ്യാഴം ദിവസങ്ങളിലെ കോഴിക്കോട്ടേക്കുള്ള സർവീസാണ് നിർത്തിയിരിക്കുന്നത്. ആഴ്ചയിൽ എല്ലാ ദിവസവും എയർ ഇന്ത്യ കോഴിക്കോട്ടേക്ക് സർവീസ് നടത്തുന്നുണ്ടായിരുന്നു. കണ്ണൂരിലേക്കും കൊച്ചിയിലേക്കും സർവീസുകളും കുറച്ചിട്ടുണ്ട്. ഈ മാസം 17 മുതൽ മസ്കത്തിൽ നിന്ന് കണ്ണൂരിലേക്ക് ആഴ്ചയിൽ 4 സർവീസുകളും മസ്കത്തിൽ നിന്ന് കൊച്ചിയിലേക്കും നാല് സർവീസുകൾ മാത്രമാണുള്ളത്. കോഴിക്കോട്, കൊച്ചി, തുടങ്ങിയയിടങ്ങളിലേക്ക് ഒമാൻ എയർ, സലാം എയർ, ഇന്റിഗോ എന്നീ സർവീസ് നടത്തുന്നതിനാൽ യാത്രക്കാരെ വല്ലാതെ ബാധിക്കില്ല. എന്നാൽ കണ്ണൂർ സർവീസുകൾ കുറക്കുന്നത് മസ്കത്തിൽ നിന്ന് ഈ സെക്ടറിലേക്ക് യാത്ര ചെയ്യുന്നവർക്ക് ഇത് തിരിച്ചടിയാകും. നിലവിൽ എയർ ഇന്ത്യ മാത്രമാണ് ഇവിടേക്ക് സർവീസ് നടത്തുന്നത്. മറ്റു വിമാനകമ്പനികളേക്കാൾ ടിക്കറ്റ് നിരക്ക് കുറവും കൂടുതൽ ലഗേജ് കൊണ്ടുപോകാനാവും എന്ന കാരണത്താൽ സാധാരണക്കാർ കൂടുതൽ ആശ്രയിക്കുന്നത് എയർ ഇന്ത്യ എക്സ്പ്രസാണ്.