സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിൻറെ കേസ് റിയാദ് കോടതി ഫെബ്രുവരി 13ന് വീണ്ടും പരിഗണിക്കും. രാവിലെ 11.30ന് വാദം നടക്കുെമന്നാണ് കോടതി അറിയിച്ചത്. ഫെബ്രുവരി രണ്ടിന് നടന്ന ഏഴാമത്തെ സിറ്റിങ്ങിലും തീരുമാനങ്ങളൊന്നും എടുക്കാതെ കോടതി കേസ് മാറ്റിവെക്കുകയായിരുന്നു. രാവിലെ എട്ടിന് സിറ്റിങ്ങാരംഭിച്ച് അൽപസമയത്തിനുള്ളിൽ മാറ്റിവെക്കുന്നതായി അറിയിച്ച് കേസിന്മേലുള്ള നടപടികൾ കോടതി അവസാനിപ്പിക്കുകയായിരുന്നു. ഓൺലൈനായി നടന്ന സിറ്റിങ്ങിൽ ജയിലിൽനിന്ന് അബ്ദുൽ റഹീമും പ്രതിഭാഗം അഭിഭാഷകരും ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരും റിയാദ് നിയമസഹായസമിതി പ്രവർത്തകരും പങ്കെടുത്തിരുന്നു. ദിയാധനം സ്വീകരിച്ച് വാദിഭാഗം മാപ്പ് നൽകിയതോടെ അബ്ദുൽ റഹീമിെൻറ വധശിക്ഷ കോടതി അഞ്ച് മാസം മുമ്പ് ഒഴിവാക്കിയിരുന്നു. എന്നാൽ പബ്ലിക് റൈറ്റ് പ്രകാരമുള്ള കേസിൽ തീർപ്പാവാത്തതിനാൽ ജയിൽ മോചനം അനിശ്ചിതമായി നീളുകയാണ്. റഹീമിെൻറ തടവുകാലം ഇപ്പോൾ 19ാം വർഷത്തിലേക്ക് കടന്നു. മോചനം സംബന്ധിച്ച് കേസ് മാറ്റിവെച്ചതോടെ മറ്റൊരു സിറ്റിങ്ങിനുള്ള കാത്തിരിപ്പിലാണ്.