കുവൈത്തിൽ താമസ അനുമതിയുമായി ബന്ധപ്പെട്ട കള്ളക്കടത്ത് നടത്തുന്ന മൂന്ന് അംഗ സംഘതെ പിടികൂടി. സുരക്ഷാ ഉദ്യോഗസ്ഥരാണ് ഇവരെ പിടികൂടിയത്. താമസകാര്യ പൊതുവകുപ്പിലും മാൻ പവർ അതോറിറ്റിയിലും പ്രവർത്തിക്കുന്ന രണ്ട് ജീവനക്കാരും ഒരു ഈജിപ്ഷ്യന്‍ സ്വദേശിയുമാണ് പിടിയിലായത്. ഇവർക്ക് നേതൃത്വം നൽകിയത് ഒരു ഈജിപ്ഷ്യൻ പൗരനാണ്. താമസ നിയമ ലംഘകരുടെ അനുമതി കൈമാറ്റം നടത്തുന്നതിനും അനധികൃതമായി വിദേശത്തുനിന്ന് തൊഴിലാളികളെ രാജ്യത്തേക്ക് കൊണ്ടുവരാനും ഇവർ ഇടപെട്ടിരുന്നു. താമസ അനുമതി കൈമാറ്റത്തിനായി 400 കുവൈത്ത് ദിനാറും, രാജ്യത്തേക്ക് തൊഴിലാളികളെ എത്തിക്കാൻ 2,000 ദിനാറിലധികവുമാണ് ഇവർ കൈക്കൂലി വാങ്ങിയിരുന്നത് എന്ന് സുരക്ഷാ വകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തുകയും ചെയ്തു. 275 ഓളം കമ്പനികളുടെ രേഖകളിൽ മാറ്റം വരുത്തുകയും 553 തൊഴിലാളികൾക്കു വ്യാജ തൊഴിൽ അനുമതികൾ നൽകുകയും ചെയ്തതായും അന്വേഷണത്തിൽ കണ്ടെത്തി. ഇവരുടെ ഈ അനധികൃത ഇടപാടുകളിലൂടെ ഒരു മില്യൺ ദിനാറിനുമേൽ വരുമാനം ഉണ്ടാക്കിയതായും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.