ഹൈദരാബാദില്‍ നിന്ന് മസ്കറ്റിലേക്ക് ഉച്ചയ്ക്ക് 3 മണിക്ക് പോകേണ്ട വിമാനമായ ഒമാന്‍ എയര്‍ വിമാനം റദ്ദാക്കി. 8 മണിക്കൂര്‍ വൈകിയതിന് ശേഷമാണ് വിമാനം റദ്ദാക്കിയതായി യാത്രക്കാരെ അധികൃതർ അറിയിച്ചത്. ഒമാന്‍ എയര്‍ലൈന്‍സിന്‍റെ ഡബ്ല്യുവൈ232 വിമാനമാണ് റദ്ദാക്കിയത്. ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് യാത്രക്കാരെ വിമാനത്തിൽ കയറ്റി കഴിഞ്ഞപ്പോൾ വിമാനത്തിന്‍റെ എയര്‍ കണ്ടീഷനിങ് തകരാറിലായി. മൂന്ന്, നാല് മണിക്കൂറോളം വിമാനത്തിലിരുന്ന യാത്രക്കാരില്‍ പലര്‍ക്കും ശ്വാസംമുട്ട് അനുഭവപ്പെടുകയും ചെയ്തു. തകരാര്‍ പരിഹരിക്കാനാകാതെ വന്നതോടെ രാത്രി 10 മണിക്ക് വിമാനം റദ്ദാക്കിയതായി യാത്രക്കാരെ അറിയിക്കുകയായിരുന്നു. എന്നാൽ സംഭവത്തില്‍ ഒമാൻ എയര്‍ അധികൃതര്‍ ഔദ്യോഗിക പ്രതികരണമൊന്നും നടത്തിയിട്ടില്ല.