ഒരു മുറിയിൽ 4 പേരെ മാത്രമേ പാർപ്പിക്കാവൂ എന്നതടക്കം സുപ്രധാന വ്യവസ്ഥകളുൾപ്പെടുത്തി തൊഴിലാളി പാർപ്പിട നിയമങ്ങൾ പരിഷ്കരിച്ച് കുവൈത്ത്. തൊഴിലാളികൾക്ക് താമസസൗകര്യം നൽകാത്ത കമ്പനികൾ വേതനത്തിന്റെ കാൽ ഭാഗം അലവൻസായി നൽകണമെന്നും വ്യവസ്ഥയിൽ ചൂണ്ടിക്കാട്ടി. പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ ആണ് പരിഷ്കരിച്ച നിയമം പുറത്തിറക്കിയത്. കുടുംബ താമസ കേന്ദ്രങ്ങൾക്കു സമീപം തൊഴിലാളികൾക്ക് പാർപ്പിടം ഒരുക്കാൻ പാടില്ല. പാർപ്പിടം നൽകുന്നതിന് മുൻപ് ബന്ധപ്പെട്ട അധികാരികളിൽ നിന്ന് മുൻകൂർ അനുമതി എടുകേണ്ടതാണ്. തൊഴിലാളികളുടെ ജീവിതസാഹചര്യം മെച്ചപ്പെടുത്തുക, തിരക്ക് കുറയ്ക്കുക, മതിയായ പാർപ്പിട നിലവാരം ഉറപ്പാക്കുക തുടങ്ങിയവ ലക്ഷ്യമിട്ടാണ് പരിഷ്കരിച്ച പുതിയ നിയമം. കുറഞ്ഞ വേതനമുള്ള തൊഴിലാളികൾക്ക് ശമ്പളത്തിന്റെ 25 ശതമാനത്തിന് തുല്യമായ ഭവന അലവൻസ് നൽക്കുകയും വേണം. കുറഞ്ഞ വേതനത്തിന് മുകളിൽ വരുമാനമുള്ളവർക്ക് ശമ്പളത്തിന്റെ 15 ശതമാനമാണ് ഭവന അലവൻസായി നൽകേണ്ടത്. പുതിയ നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പരിശോധന ശക്തമാക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.









