ജിദ്ദയിൽ ലൈസൻസില്ലാത്തെ പ്രവർത്തിച്ചത്തിനും നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്നും ഒരു ഫാക്‌ടറി അടച്ചുപൂട്ടി. അവിടെ നിന്ന് 2.7 ടൺ ഭക്ഷ്യവസ്തുക്കളാണ് പിടികൂടിയത്. റമദാൻ സീസണിലേക്ക് സമൂസ ചിപ്സ് തയാറാക്കുന്ന ഫാക്‌ടറിയിലാണ് ഉമ്മുസുലൈം ബലദിയ ഓഫിസിന് കീഴിൽ നടത്തിയ പരിശോധനയിൽ നിയമലംഘനങ്ങൾ കണ്ടെത്തിയത്. ഫാക്ടറിക്കുള്ളിൽ കുമിഞ്ഞുകൂടിയ മാലിന്യം, കേടായതും മലിനമായാതുമായ ഉപകരണങ്ങളുടെ ഉപയോഗം, ഭക്ഷ്യവസ്തുക്കളുടെ സംഭരണം എന്നീ നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ആരോഗ്യ കാർഡുകൾ (ബലദിയ) ഇല്ലാതെ തൊഴിലാളികൾ ജോലി ചെയ്യുന്നതായും പരിശോധനയിൽ കണ്ടെത്തി. വിതരണത്തിന് തയാറായ1750 കിലോഗ്രാം മാവും 1000 കിലോഗ്രാം സമൂസ ചിപ്പുകളും കണ്ടെടുക്കുകയും നശിപ്പിക്കുകയും ചെയ്തുവെന്ന് മുൻസിപ്പാലിറ്റി ചൂണ്ടിക്കാട്ടി. എല്ലാ സ്ഥാപനങ്ങളും ആരോഗ്യ ചട്ടങ്ങളും നിബന്ധനകളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുള്ള കർശന പരിശോധന തുടരുകയാണ്. റമദാൻ അടുത്തതോടെ നിർമാണ ഫാക്ടറികളിലും വിൽപന കേന്ദ്രങ്ങളിലും മുനിസിപ്പാലിറ്റിക്ക് കീഴിലെ പരിശോധന ഇരട്ടിയാക്കുമെന്ന് മുൻസിപ്പാലിറ്റി അധികൃതർ വ്യക്തമാക്കി.