കൊച്ചിയില്‍ നിന്ന് ദുബൈയിലേക്ക് പുറപ്പെടേണ്ട സ്പൈസ്ജെറ്റ് വിമാനം സാങ്കേതിക തകരാര്‍ മൂലം റദ്ദാക്കിയതായി റിപ്പോർട്ട്. തിങ്കളാഴ്ച രാത്രി 11. 20ന് പുറപ്പെടേണ്ട വിമാനം ചൊവ്വാഴ്ച രാവിലെ ആയിട്ടും പുറപ്പെട്ടില്ല. 173 യാത്രക്കാരാണ് വിമാനത്തില്‍ പോകാന്‍ കാത്തിരുന്നത്. നെടുമ്പോശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ചൊവ്വാഴ്ച രാവിലെ 8 മണിക്ക് വിമാനം പുറപ്പെടുമെന്ന് ആദ്യം യാത്രക്കാരെ അറിയിച്ചിരുന്നു. അതിനാൽ തന്നെ മറ്റ് വിമാനങ്ങളില്‍ പകരം ടിക്കറ്റെടുക്കാതെ യാത്രക്കാര്‍ കാത്തിരുന്നു. പിന്നീടാണ് വിമാനം ചൊവ്വാഴ്ച രാത്രി 8.30ന് മാത്രമെ പുറപ്പെടൂ എന്ന് യാത്രക്കാരെ അറിയിച്ചത്. തുടർന്ന് യാത്രക്കാര്‍ വിമാനത്താവളത്തില്‍ ബഹളം ഉണ്ടാക്കി. സാങ്കേതിക തകരാര്‍ പരിഹരിക്കാന്‍ വൈകിയതോടെ യാത്രക്കാര്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ ഇവരെ ഹോട്ടലുകളിലേക്ക് മാറ്റി. ഇന്നലെ രാത്രി വൈകിയാണ് വിമാനം ദുബൈയിലേക്ക് പുറപ്പെട്ടത്.