ആരോഗ്യ ഇൻഷൂറൻസ് വ്യവസ്ഥകൾ ലംഘിച്ച തൊഴിൽ ദാതാക്കൾക്കെതിരെ നടപടി സ്വീകരിച്ച് സൗദി ഹെൽത്ത് ഇൻഷൂറൻസ് കൗൺസിൽ. തൊഴിലാളികൾക്കും അവരുടെ കുടുംബങ്ങൾക്കും ആരോഗ്യ ഇൻഷുറൻസ് ഉറപ്പ് വരുത്താത്തതിനാലാണ് നടപടിയെടുത്തത്. ഇവരിൽ നിന്ന് പിഴയും ഒപ്പം ഇൻഷൂറൻസ് പരിരക്ഷയിൽ വീഴ്ചവരുത്തിയ കുടിശ്ശികയും ഈടാക്കും. ഇൻഷൂറൻസ് പരിരക്ഷ പരിധിയിൽ വരുന്ന ജീവനക്കാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും ഇൻഷൂറൻസ് പരിരക്ഷ ഉറപ്പ് വരുത്താൻ നിരവധി തവണ അവസരം നൽകി. എന്നാൽ ഇനി പിഴയ്ക്ക് പുറമേ തൊഴിൽ ദാതാവ് കുടിശ്ശിക വരുത്തിയ ഇൻഷൂറൻസ് പ്രീമിയവും അടക്കേണ്ടി വരും. ആരോഗ്യ ഇൻഷുറൻസ് നിയമത്തിന്റെ ആർട്ടിക്കിൾ 14 പ്രകാരമാണ് നടപടിയെടുത്തത്. സംവിധാനത്തിന്റെ പരിധിയിൽ വരുന്ന ആരോഗ്യ ഇൻഷുറൻസ് ഗുണഭോക്താക്കളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് തൊഴിൽ ദാതാക്കൾക്ക് പിഴ ചുമത്തിയതെന്ന് കൗൺസിലിന്റെ ഔദ്യോഗിക വക്താവ് ഇമാൻ അൽ-താരിഖി ചൂണ്ടിക്കാട്ടി.