വെയർഹൗസിൽ റെയ്ഡിൽ നിന്ന് 41,000 വ്യാജ പെര്‍ഫ്യൂമുകള്‍ കുവൈത്തില്‍ പിടിച്ചെടുത്തു. അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ പേരുകളില്‍ നിര്‍മ്മിച്ച വ്യാജ പെര്‍ഫ്യൂമുകളാണ് അധികൃതർ പിടികൂടിയത്. വെയര്‍ഹൗസില്‍ ഉദ്യോഗസ്ഥര്‍ നടത്തിയ വിശദമായ പരിശോധനയിലാണ് ഹവാലി ഗവര്‍ണറേറ്റില്‍ നിന്ന് ഇവ പിടികൂടിയത്. മാന്‍പവര്‍ ഉദ്യോഗസ്ഥര്‍, ജനറല്‍ ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്‍റ്, വാണിജ്യ-വ്യവസായ മന്ത്രാലയം തുടങ്ങിയവരടങ്ങുന്ന സംയുക്ത ടീമുകള്‍ നടത്തിയ റെയ്ഡിലാണ് വ്യാജ പെർഫ്യൂം പിടികൂടിയത്. വാണിജ്യ-വ്യവസായ മന്ത്രാലയത്തിലെ കൊമേഴ്‌സ്യല്‍ കണ്‍ട്രോള്‍ ഡയറക്ടര്‍ ഫൈസല്‍ അല്‍ അന്‍സാരിയുടെ നേത്യത്വത്തിലാണ് പരിശോധന നടത്തിയത്. വ്യാജ ഉല്‍പ്പന്നങ്ങൾ നിര്‍മ്മിച്ച സ്ഥാപന ഉടമയെ കൊമേഴ്‌സ്യല്‍ പ്രോസിക്യൂഷന് റഫര്‍ ചെയ്തു. തുടർന്ന് വെയര്‍ഹൗസ് അധികൃതര്‍ പൂട്ടിക്കുകയും ചെയ്തു.