പ്രവാസികൾക്കായി കണ്ണൂരിൽ എൻ.ആർ.ഐ. വ്യവസായ പാർക്ക് സ്ഥാപിക്കുമെന്ന് വ്യവസായ മന്ത്രി പി. രാജീവ്. കേരളത്തിൽ നടക്കാനിരിക്കുന്ന ‘ഇൻവെസ്റ്റ് കേരള’ ഉച്ചകോടിയുടെ ഭാഗമായി ദുബായിൽ നടന്ന റോഡ് ഷോയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർക്കിൽ 100 കോടി മുടക്കുന്ന സംരംഭകർ ആദ്യം 10 ശതമാനം തുക അടയ്ക്കണം. രണ്ടുവർഷത്തേക്ക് മൊറട്ടോറിയം ലഭിക്കും. പിന്നീട് 10 തവണകളായി ബാക്കിതുക അടച്ചാൽ മതിയാകുമെന്നും മന്ത്രി വ്യക്തമാക്കി . പരിസ്ഥിതി മലിനീകരണം കാരണം മറ്റ് സംസ്ഥാനങ്ങളിൽ മുഖംമൂടിവെച്ച് പോകേണ്ട അവസ്ഥയാണ്. എന്നാൽ, കേരളത്തിൽ അതുവേണ്ടെന്നും മന്ത്രി സൂചിപ്പിച്ചു. കേരളത്തിൽ പുതിയ ഭക്ഷ്യസംസ്കരണ പ്ലാന്റ് ഉടൻ ഉദ്ഘാടനം ചെയ്യുമെന്നും നിക്ഷേപകർക്ക് വലിയ സാധ്യതയുള്ള സംസ്ഥാനമാണ് കേരളമെന്നും ചടങ്ങിൽ പങ്കെടുത്ത വ്യവസായ പ്രമുഖൻ എം എ യൂസഫ് അലി വ്യക്തമാക്കി.