സൗദി അറേബ്യയിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ കേസ് നാളെ റിയാദ് കോടതിയിൽ പരിഗണിക്കും. നാളെ രാവിലെ 8 മണിക്കാണ് കേസ് പരിഗണിക്കുന്നത്. അഞ്ച് തവണയാണ് കോടതി കേസ് മാറ്റി വച്ചത്. 2024 ജൂലൈ രണ്ടിനാണ് റഹീമിന്റെ വധശിക്ഷ റദ്ദാക്കിയത്. ആറ് മാസമായിട്ടും റിയാദ് ജയിലിൽ തുടരുകയാണ് റഹീം. തടവ് അടക്കമുള്ള ശിക്ഷകളിലും ഇളവ് ലഭിച്ചാലേ ജയിൽ മോചിതനാകൂ. പ്രോസിക്യൂഷന്റെയും റഹീമിന്റെയും ഭാഗം കോടതി ഇതിനോടകം കേട്ടതിനാൽ വിധി നീളില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. സൗദി ബാലന്റെ മരണത്തിൽ വിശദമായ സത്യവാങ്മൂലവും കണ്ടെത്തലുകളുമാണ് പ്രോസിക്യൂഷൻ നൽകിയിട്ടുള്ളത്. റഹീമിന് ഇക്കാര്യത്തിൽ പറയാനുള്ളതും കോടതി ഫയലിൽ സ്വീകരിച്ചിട്ടുണ്ട്. ഇവ പരിശോധിച്ചുള്ള കോടതി വിധിയാണ് പ്രതീക്ഷിക്കുന്നത്. വധശിക്ഷ റദ്ദായതിനാൽ ഇനി വരുന്ന വിധിയിൽ തടവുശിക്ഷ സംബന്ധിച്ചുള്ള തീരുമാനം നിർണായകമാണ്.