സൗദിയിൽ സുരക്ഷാ നിരീക്ഷണ ക്യാമറകളുടെ ഉപയോഗം സംബന്ധിച്ച നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ ശിക്ഷാ നടപടികൾ കർശനമാക്കി. ക്യാമറകളിൽ രേഖപ്പെടുത്തിയ വിവരങ്ങൾ നിയമവിരുദ്ധമായി കൈമാറുകയോ പ്രസിദ്ധപ്പെടുത്തുകയോ ചെയ്താൽ 20,000 സൗദി റിയാൽ പിഴ ചുമത്തും. ക്യാമറകളും അതിലെ വിവരങ്ങളും തകരാറിലാക്കുകയോ നശിപ്പിക്കുകയോ ചെയ്താലും 20,000 റിയാൽ പിഴ നൽകേണ്ടി വരുമെന്ന് ആഭ്യന്തര മന്ത്രാലയം അധികൃതരുടെ മുന്നറിയിപ്പ്. സാങ്കേതിക ചട്ടങ്ങൾ പാലിക്കാതെ സർവീലിയൻസ് ക്യാമറ സ്ഥാപിക്കുന്ന വ്യക്തിക്ക് ഓരോ ക്യാമറകൾക്കും 500 സൗദി റിയാൽ വീതവും പിഴ ഈടാക്കും. റിക്വസ്റ്റ് ഫോർ പ്രപ്പോസൽ പ്രകാരമുള്ള നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കാതെ സ്ഥാപിക്കുന്ന സർവീലിയൻസ് ക്യാമറകൾ അല്ലെങ്കിൽ ഉപകരണങ്ങൾ ഓരോന്നിനും1,000 റിയാൽ വീതവും പിഴ നൽകേണ്ടിവരും. ക്യാമറകളിലെ രേഖകൾ സൂക്ഷിക്കുന്നതിൽ പരാജയപ്പെട്ടാൽ 5,000 റിയാൽ വരെയും പിഴ ഈടാക്കുന്നതാണ്. ആഭ്യന്തര മന്ത്രാലയത്തിന്റെയോ സ്റ്റേറ്റ് സെക്യൂരിറ്റി പ്രസിഡൻസിയുടെ അനുമതി, കോടതി ഉത്തരവ്, കോംപീറ്റന്റ് ഇൻവെസ്റ്റിഗേറ്റീവ് അതോറിറ്റിയുടെ ആവശ്യപ്രകാരം എന്നിവയ്ക്ക് മാത്രമേ സുരക്ഷാ നിരീക്ഷണ ക്യാമറകൾ രേഖപ്പെടുത്തിയ ദൃശ്യങ്ങൾ ട്രാൻസ്ഫർ ചെയ്യുകയോ പ്രസിദ്ധപ്പെടുത്തുകയോ ചെയ്യാൻ പാടുള്ളു എന്നാണ് നിയമം. നിശ്ചിത സംഭവത്തിന്റെ അന്വേഷണ നടപടികൾ പൂർത്തിയാകുന്നതു വരെ ക്യാമറകളിലെ രേഖകൾ കളയാൻ പാടില്ല. ആഭ്യന്തര മന്ത്രാലയമോ അല്ലെങ്കിൽ സ്റ്റേറ്റ് സെക്യൂരിറ്റിയോ ക്യാമറക്കളിലെ രേഖകൽ ആവശ്യപ്പെട്ടാൽ നിർബന്ധമായും നൽകണം എന്നാണ് നിയമം വ്യവസ്ഥ.