റാസൽഖൈമ: രണ്ട് ഗിന്നസ് റെക്കോഡുകളോടെ 2025-ന് അത്യുഗ്രൻ വരവേൽപ്പുനൽകി റാസൽഖൈമ. ഡ്രോൺ, വെടിക്കെട്ട് പ്രദർശനങ്ങളിലൂടെയാണ് പുതുവർഷപ്പുലരിയിൽ എമിറേറ്റ് വീണ്ടും ഗിന്നസ് നേട്ടം കൈവരിച്ചത്. ഡ്രോണുകളുപയോഗിച്ചുള്ള ലോകത്തെ ഏറ്റവുംവലിയ മരം, മുത്തുച്ചിപ്പി എന്നിവയുടെ പ്രദർശനങ്ങളിലൂടെയാണ് ഇത്തവണ റെക്കോഡിട്ടത്. എമിറേറ്റിന്റെ വികസനം, സമുദ്രപാരമ്പര്യം, മുത്തുവാരൽ എന്നിവയെല്ലാം ഡ്രോണുകൾ ആകാശത്ത് തെളിയിച്ചു. 1400 ഡ്രോണുകളാണ് ആകാശത്ത് അണിനിരന്നത്.
എമിറേറ്ററിന്റെ സാംസ്കാരിക പൈതൃകത്തിന്റെ നേർക്കാഴ്ചയാണ് പ്രദർശനങ്ങളിലൂടെ കാണാനായത്. യു.എ.ഇ.യുടെ സംസ്കാരവുമായി ബന്ധപ്പെട്ട ഒട്ടേറെ ചിത്രങ്ങൾ ആകാശത്ത് മിന്നിമറഞ്ഞു. ‘അവർ സ്റ്റോറി ഇൻ ദ സ്കൈ’ എന്ന പേരുപോലെ രാജ്യത്തിന്റെ പ്രധാന സവിശേഷതകൾ ഡ്രോണുകൾ അവതരിപ്പിച്ചു. പുതുവർഷാഘോഷങ്ങളിലൂടെ സന്ദർശകർക്ക് അവിസ്മരണീയമായ അനുഭവങ്ങൾ സമ്മാനിക്കാനായെന്ന് റാസൽഖൈമ ടൂറിസം ഡിവലപ്‌മെന്റ് അതോറിറ്റി വ്യക്തമാക്കി.